പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ് രംഗത്ത്

പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ് രംഗത്ത്

പുതിയ മൊബൈല്‍ കാര്‍ഷിക ആപ്പ് രംഗത്ത് വന്നു. കുരുമുളക് കര്‍ഷകര്‍ക്ക് കൈത്താങ്ങാകാനാണ് നിലവില്‍ കാര്‍ഷിക ആപ്പ് രംഗത്ത് എത്തിയിരിക്കുന്നത.്കര്‍ഷകര്‍ക്ക് കുരുമുളക് ഉല്‍പാദനവും വിപണനവും സുഗമമാക്കുന്നതിന് അന്താരാഷ്ട്ര പെപ്പര്‍ കമ്മ്യൂണിറ്റിയും, ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും സംയുകതമായാണ് കാര്‍ഷിക ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയില്‍ ആപ്പ് ലഭ്യമാണ്. ഈ ആപ്പ്  പ്ലേസ്റ്റോറില്‍ നിന്ന് IPC AISEF FARMERS APP എന്ന വിലാസത്തില്‍ കര്‍ഷകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കുരുമുളക് കാര്‍ഷിക ആപ്പിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി എം.കെ ഷണ്‍മുഖസുന്ദരം എറണാകുളത്ത് നിര്‍വഹിച്ചു.മലയാളം, തമിഴ്, കന്നഡ, ഇംഗ്ലീഷ്, എന്നീഭാഷകളില്‍ ഈ നൂതന ആപ്പ് ലഭിക്കുമെന്ന് ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി പറഞ്ഞു. വൈകാതെ ഹിന്ദി ഭാഷയിലൂടെയും ആപ്പില്‍ വിവരങ്ങള്‍ ലഭിച്ച് തുടങ്ങുന്നതാണ്.
കുരുമുളക് കൃഷിരീതികള്‍, വിപണനം, കാലാവസ്ഥ, വളപ്രയോഗം, കീടനാശിനികള്‍, പ്രതിരോധം എന്നിവ സംബന്ധിച്ച കൃത്യമായ മാര്‍ഗ നിര്‍ദേശം കുരുമുളക് കാര്‍ഷിക ആപ്പില്‍ ലഭ്യമാകും. കര്‍ഷകന്റെ താമസ സ്ഥലത്ത് നിന്ന് തന്നെ ഉല്‍പ്പന്നം വിറ്റഴിക്കാനും വില ലഭിക്കാനും ആപ്പ് സഹായകമാവും.