കർഷക കടാശ്വാസ കമ്മീഷൻ അപേക്ഷാ തിയതി നീട്ടി

കർഷക കടാശ്വാസ കമ്മീഷൻ അപേക്ഷാ തിയതി നീട്ടി

സംസ്ഥാനത്ത് വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2018 ആഗസ്റ്റ്‌വരെയും മറ്റു ജില്ലകളിലെ കർഷകർ 2014 മാർച്ച്‌വരെയും സഹകരണ ബാങ്കുകളിൽ നിന്നെടുത്തതും കുടിശികയായതുമായ വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിനുള്ള വ്യക്തിഗത അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തിയതി ഒക്‌ടോബർ 10 വരെ ദീർഘിപ്പിച്ചതായി സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അറിയിച്ചു.

നിർദിഷ്ട 'സി' ഫോറത്തിൽ പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷയും വരുമാന സർട്ടിഫിക്കറ്റ്, കർഷകനാണെന്ന്/കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും അതോടൊപ്പം അപേക്ഷയുടെ ഒരു പകർപ്പും ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകളുംകൂടി ഉൾപ്പെടുത്തണം. അപേക്ഷയിൽ ഒന്നിലധികം ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളതായി സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ അത്രയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കൂടുതലായി വയ്ക്കണം.

റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (അസ്സൽ), തൊഴിൽ കൃഷിയാണെന്ന്/കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസ്സൽ), മൊത്തം ഉടമസ്ഥാവകാശമുള്ള വസ്തുക്കളെത്രയാണെന്ന് കാണിക്കാനുള്ള രേഖ അല്ലെങ്കിൽ കരം തീർത്ത രസീതിന്റെ പകർപ്പ്, സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞിരിക്കുന്ന ബാങ്കിൽ വായ്പ നിലനിൽക്കുന്നു എന്നു കാണിക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്/ബാങ്കിൽ നിന്നും ലഭിക്കുന്ന വായ്പ എന്നെടുത്തു തുടങ്ങിയ വിവരങ്ങൾ അടങ്ങിയ സ്റ്റേറ്റ്‌മെന്റ് എന്നിവയും അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.

അപൂർണമായതും മുഴുവൻ രേഖകളില്ലാത്തതുമായ അപേക്ഷകൾ നിരസിക്കും. 2019 ഫെബ്രുവരി 28ന് ശേഷം ലഭിച്ച അപേക്ഷകൾ പരിഗണിച്ചിട്ടില്ല. ഇവർ വീണ്ടും അപേക്ഷിക്കണം. 2019 ഫെബ്രുവരി 28 വരെയുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. നേരത്തെ അപേക്ഷ സമർപ്പിച്ചവർ അതേ വായ്പയിൽ കടാശ്വാസത്തിനായി വീണ്ടും അപേക്ഷിക്കരുത്.