ഭൈരവ തടയാന്‍ അങ്ങ് വാ. .വിവരമറിയും; ഡീന്‍ കുര്യക്കോസിന് വിജയ് ഫാന്‍സിന്റെ വക ഭീഷണി!

ഭൈരവ തടയാന്‍ അങ്ങ് വാ. .വിവരമറിയും; ഡീന്‍ കുര്യക്കോസിന് വിജയ് ഫാന്‍സിന്റെ വക ഭീഷണി!

തിരുവനന്തപുരം: അന്യഭാഷ ചിത്രങ്ങളുടെ റിലീസ് തടയുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന് തെറിവിളിയും ഭീഷണിയും. റിലീസ് തടയുമെന്ന് പ്രഖ്യാപിച്ച് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെയാണ് വിജയ് ഫാന്‍സുകാരുടെ കമന്റുകള്‍.

 

ജനുവരി 12നാണ് വിജയ് നായകനായ പുതിയ ചിത്രം ഭൈരവയുടെ റിലീസ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ മലയാള സിനിമ റിലീസ് ചെയ്യാതെ സമരം ചെയ്യുന്ന തീയേറ്റര്‍ ഉടമകള്‍ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് യൂത്ത് കോണ്‍ഗ്രസ് തടയുമെന്നാണ് ഡീന്‍ കുര്യക്കോസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസിനെയും ഡീന്‍ കുര്യക്കോസിനെയും ഭീഷണിപ്പെടുത്തി വിജയ് ഫാന്‍സുകാരായ മലയാളികളുടെ പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.

 

പല മതക്കാരും പാര്‍ട്ടിക്കാരുമുണ്ടെങ്കിലും വിജയ് ഫാന്‍സ് എന്ന വികാരം മാത്രമേ തങ്ങള്‍ക്കുള്ളുവെന്നാണ് വിജയ് ആരാധകരുടെ നിലപാട്. ഭൈരവയുടെ റിലീസ് തടയാന്‍ ശ്രമിച്ചാല്‍ യൂത്ത് കോണ്‍ഗ്രസും ഡീന്‍ കുര്യാക്കോസും വിവരമറിയുമെന്നും ആരാധകര്‍ പറയുന്നു.

ഇളയദളപതി വിജയ് കേരളത്തിന്റെ ദത്തുപുത്രനാണെന്നും, ആംബുലന്‍സും വിളിച്ച് റിലീസ് തടയാന്‍ വന്നാല്‍ മതിയെന്നുമാണ് ഒരു വിജയ് ആരാധകന്റെ കമന്റ്.

റിലീസ് തടയാന്‍ വരുമ്പോള്‍ വീട്ടുകാരോട് വാഴയില വെട്ടി കാത്തിരിക്കാന്‍ പറഞ്ഞിട്ട് വന്നാല്‍ മതിയെന്ന രീതിയിലുള്ള ആക്രമണ ഭീഷണികളും ഫേസ്ബുക്ക് പേജിലുണ്ട്.

ഡീനിന്റെ ഫോണ്‍ നമ്പറും കമന്റായി നല്‍കിയ വിരുതന്‍ ഫോണ്‍ വിളിച്ച് പൊങ്കാലയിടാനും ആഹ്വാനം ചെയ്യുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കാള്‍ നാലിരട്ടി വിജയ് ഫാന്‍സ് കേരളത്തിലുണ്ടെന്നും ആരാധകര്‍ പറയുന്നു.

വിജയ് നായകനും കീര്‍ത്തി സുരേഷ് നായകനുമായ ഭൈരവ ജനുവരി 12നാണ് റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. സൂര്യയുടെ എസ് ത്രീയും, ഷാറൂഖ് ഖാന്റെ റായീസും ഈ മാസം റിലീസ് ചെയ്യാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളാണ്.