പന്ത്രണ്ട് വയസ്സ് മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ മുടങ്ങാതെ സെല്‍ഫിയെടുത്ത് അത്ഭുതം സൃഷ്ടിച്ച് യുവാവിന്റെ വീഡിയോ വൈറല്‍ 

പന്ത്രണ്ട് വയസ്സ് മുതല്‍ ഇരുപത്തൊന്ന് വയസ്സ് വരെ മുടങ്ങാതെ സെല്‍ഫിയെടുത്ത് അത്ഭുതം സൃഷ്ടിച്ച് യുവാവിന്റെ വീഡിയോ വൈറല്‍ 

പന്ത്രണ്ടു വയസ്സ് മുതല്‍ ഇരുപത്തൊന്നു വയസ്സ് വരെ നീണ്ട ഒമ്പത് വര്‍ഷം നിര്‍ത്താതെ സെല്‍ഫിയെടുത്ത് അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഹ്യുഗോ കോര്‍ണേലിയര്‍ എന്ന ഈ യുവാവ്. 12 വയസ്സില്‍ തുടങ്ങിയ സെല്‍ഫി എടുക്കല്‍ 21 വയസ്സില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ ഫോട്ടോകള്‍ എല്ലാം ചേര്‍ത്ത് ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഇപ്പോള്‍.

2.38 മിനിട്ടു നീളമുള്ള ഈ വീഡിയോയില്‍ തന്റെ ചെറുപ്പം മുതല്‍ ഇന്നുവരെയുള്ള എല്ലാ ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൗമാരത്തില്‍ നിന്നും തുടങ്ങി ഓരോ ഘട്ടങ്ങളിലെ മാറ്റങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ നീങ്ങി ഈ യുവാവിന്റെ വിവാഹ ഫോട്ടോയിലാണ് വീഡിയോ അവസാനിക്കുന്നത്.

ക്യാമറയുടെ സഹായത്തോടെ മുഖത്തിന്റെ പൊസിഷന്‍ മാറ്റാതെ വച്ചിട്ടുണ്ട്. അതേസമയം ഓരോ ദിവസവും നീങ്ങുമ്പോള്‍ പശ്ചാത്തലവും സ്ഥലങ്ങളും മറ്റും മാറിക്കൊണ്ടിരിക്കും. മിക്ക ദിവസവും തന്റെ റൂം തന്നെയാണ് പശ്ചാത്തലം എങ്കിലും ചില ദിവസങ്ങളില്‍ വേറെയും സ്ഥലങ്ങള്‍ പ്രത്യക്ഷപ്പെടുന്നു.

പൊടിമീശ വരുന്നതും മീശക്ക് കട്ടികൂടുന്നതും താടി വളര്‍ന്നു വരുന്നതും മുടിയുടെ സ്റ്റൈല്‍ മാറി മാറി വരുന്നതും തുടങ്ങി ചെറുപ്പത്തില്‍ നിന്നും യുവത്വത്തിലേക്കുള്ള യാത്രയിലെ ഓരോ രംഗങ്ങളും ഭാവങ്ങളും ശാരീരിക മാറ്റങ്ങളും ചിത്രങ്ങള്‍ പകര്‍ത്തിയെടുക്കുന്നുണ്ട്.