ഉന്നാവോ,കത്വ പീഡനങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ അണിനിരന്ന് ബോളിവുഡ് താരങ്ങളും

ഉന്നാവോ,കത്വ പീഡനങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ അണിനിരന്ന് ബോളിവുഡ് താരങ്ങളും

ഉന്നാവോ, കത്വ പീഡനങ്ങള്‍ക്കെതിരെ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ബോളിവുഡ് താരങ്ങളും പങ്കെടുത്തു. ബാന്ദ്രയില്‍ ഞായറാഴ്ച നടന്ന പ്രതിഷേധ കൂട്ടായ്മയിലാണ് ഹിന്ദി സിനിമയില്‍ നിന്നുള്ള ചിലര്‍ പങ്കെടുത്തത്. ട്വിങ്കിള്‍ ഖന്ന, കല്‍ക്കി കോച്ച്‌ലിന്‍, കിരണ്‍ റാവു, രാജ്കുമാര്‍ റാവു തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. അദിതി റാവു ഹൈദരിയും ഹെലനും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ശക്തമായി.

കഴിഞ്ഞ ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത് കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാകുന്നത്. വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോയ ബക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ കാണാതാവുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്നും കുട്ടിയുടെ മൃതദേഹം ഭീകര മുറിവുകളോടെ കണ്ടെത്തി. കുട്ടി ക്രൂരമായ ബലാംത്സംഗത്തിന് ഇരയാകുകയും തല കല്ലുകൊണ്ട് ഇടിയേറ്റ് തകര്‍ന്ന നിലയിലുമായിരുന്നു.

ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്ന് മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ  ഓടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതും  മയക്കുന്നമരുന്ന്  നല്‍കി ബലാത്സംഗം ചെയ്തതും. റവന്യൂവകുപ്പില്‍നിന്ന് വിരമിച്ച സഞ്ജിറാമാണ് ബലാംത്സംഗ കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാംത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണ്. ഇയാളെ കൂടാതെ മകന്‍ വിശാല്‍ ഗംഗോത്രയും, പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ഈ കൊടും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. എസ്പിഒ ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്നാണ് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് വാങ്ങിക്കുന്നത്.