ഷെയ്ന്‍ നിഗമിന്റെ വിലക്ക്; നിര്‍മാതാക്കളുമായി ചര്‍ച്ചക്കൊരുങ്ങി അമ്മ

ഷെയ്ന്‍ നിഗമിന്റെ വിലക്ക്; നിര്‍മാതാക്കളുമായി ചര്‍ച്ചക്കൊരുങ്ങി അമ്മ

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്ക് നീക്കാന്‍ താരസംഘടനയായ അമ്മ ഇടപെടും. നിര്‍മാതാക്കളുടെ സംഘടനയുമായി അമ്മ അടുത്ത ദിവസം ചര്‍ച്ച നടത്തിയേക്കും. നിര്‍ത്തിവെച്ച സിനിമകള്‍ പുനരാരംഭിക്കാന്‍ സാധ്യത തേടിയാണ് ചര്‍ച്ച.

ഷെയ്ന്‍ വിഷയത്തില്‍ പ്രശ്നപരിഹാരം തേടി ശനിയാഴ്ച അമ്മ ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു. മോഹന്‍ലാല്‍ ചര്‍ച്ചക്ക് മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടന. ഇപ്പോള്‍ പൊള്ളാച്ചിയിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ബുധനാഴ്ച കൊച്ചിയില്‍ എത്തും. ഇതിന് ശേഷം വ്യാഴാഴ്ച ആദ്യഘട്ട ചര്‍ച്ച നടത്താനാണ് ആലോചന.

സിനിമയില്‍ നിന്ന് ഷെയ്‍ന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഡയറക്ടേഴ്സ് യൂണിയന്‍ ഇടപെട്ടിരുന്നു.  കുര്‍ബാനി, വെയില്‍ എന്നീ സിനിമകള്‍ ഉപേക്ഷിക്കാനുള്ള നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂണിയന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കിയിട്ടുണ്ട്. ഷെയ്ന്‍ നിഗത്തിന്‍റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്. അതിനുള്ള അവസരം നല്‍കണമെന്നും ഡയറക്ടേഴ്സ് യൂണിയന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.