ഒരു ഗ്ലാസ് കട്ടന്‍ ചായക്ക് 100 രൂപ ; പണികിട്ടിയത് സുജിത് വാസുദേവിന്

ഒരു ഗ്ലാസ് കട്ടന്‍ ചായക്ക് 100 രൂപ ; പണികിട്ടിയത് സുജിത് വാസുദേവിന്

കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്റോണ്‍ മാളിലെ ഫുഡ് കോര്‍ട്ടിലെ ഒരു ഗ്ലാസ് കട്ടന്‍ ചായയുടെ വിലകേട്ടാല്‍ ഞെട്ടും. ചായക്ക് 100 രൂപ!  സംവിധായകനും ഛായാഗ്രാഹകനുമായ സുജിത് വാസുദേവിനാണ് കട്ടന്‍ ചായയ്ക്ക് 100 രൂപയുടെ ബില്ല് കിട്ടിയത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

കൊച്ചിയിലെ ഒബ്റോണ്‍ മാള്‍ പി വി ആറിലെ ഫുഡ് കൗണ്ടറിലാണ് ഒരു കട്ടന്‍ചായ ഓര്‍ഡര്‍ ചെയ്ത സുജിത് വാസുദേവിന് 100 രൂപയുടെ ബില്‍ നല്‍കിയത്. 14666 ആയിരുന്നു ബില്‍ നമ്പര്‍. ഫില്‍ട്ടര്‍ കോഫി എന്നാണ് ബില്‍ ചെയ്തിരിക്കുന്നത്. ബില്ലില്‍ മലയാളത്തില്‍ കട്ടന്‍ചായ എന്നും എഴുതിയിട്ടുണ്ട്. 95 രൂപ 24 പൈസയാണ് ഫില്‍ട്ടര്‍ കട്ടന്‍ചായയയുടെ ബില്‍. അഞ്ച് ശതമാനം ജിഎസ്ടിയാവട്ടെ 4.76 രൂപ. ആകെ നൂറ് രൂപയുടെ ബില്ലാണ് സുജിത് വാസുദേവിന് കിട്ടിയത്. ഇത്തരത്തില്‍ നമ്മളെ പറ്റിക്കാന്‍ ഇവരെ അനുവദിക്കരുത് എന്ന് പറഞ്ഞുകൊണ്ട് സുജിത് വാസുദേവ് ബില്‍ സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. മള്‍ട്ടിപ്ലക്സുകളിലെ ഫുഡ് കോര്‍ട്ടിലെ കൊള്ള പലര്‍ക്കും അനുഭവമുള്ളതിനാല്‍ സംഭവം പെട്ടെന്ന് തന്നെ വൈറലായി.