തലസ്ഥാനത്ത് മണല്‍ മാഫിയകളുടെ പകല്‍ കൊള്ള !!!

ദേവിക എസ്.
തലസ്ഥാനത്ത് മണല്‍ മാഫിയകളുടെ പകല്‍ കൊള്ള !!!

തിരുവനന്തപുരം : ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സ്വന്തം തലസ്ഥാനമായ തിരുവനന്തപുരത്ത് മണല്‍ മാഫിയകള്‍ സജീവമാകുന്നു. അപരന്മാര്‍ നഗരത്തില്‍ എന്ന വാചകം അര്‍ത്ഥമാക്കും വിധം പെരുകിയിരിക്കുകയാണ് മണല്‍ മാഫിയകളുടെ ചെയ്തികള്‍ . ഭൂമിയുടെ ഹരിതഭംഗി കാത്തു സൂക്ഷിക്കുന്ന, ഭൂമിയുടെ നിലനില്‍പ്പിനെ സഹായിക്കുന്ന പുഴകളും തോടുകളും നീര്‍ച്ചാലുകളും ഇന്ന് വറ്റി വരണ്ട് മരുഭൂമിയ്ക്ക് സമമായി മാറിയിരിയ്ക്കുന്നു.

  കരകവിഞ്ഞൊഴുകിയ ഭാരതപ്പുഴ, നിറപ്പകിട്ടാര്‍ന്ന പമ്പ, അലതല്ലിയൊഴുകുന്ന നെയ്യാര്‍ , തുടങ്ങി നിരവധി ഉദാഹരണങ്ങളാണ് മണല്‍ മാഫിയകളുടെ കെണിയില്‍ പെട്ട് വറ്റിവരണ്ടു കൊണ്ടിരിക്കുന്നത്. ജലസമൃദ്ധിയോടെ ഒഴുകുന്ന ജല ഉറവകളില്‍ നിന്നും മണല്‍ ശേഖരിച്ച് കച്ചവട ചരക്കാക്കുമ്പോള്‍ ഈ ക്രൂരന്മാര്‍ മറക്കുന്നു നാളെയുടെ ദാഹജലമാണ് ഇല്ലാതാക്കുന്നതെന്ന്. ഓരോ തവണ മണല്‍ സംഭരിക്കുബോള്‍ ജലത്തിന്റെ മൂന്നിലൊന്ന് കുറയുന്നതായാണ് കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ തുടരുമ്പോള്‍ ജലത്തിന്റെ ഒഴുക്കു പ്രദേശങ്ങളില്‍ കുഴികള്‍ മാത്രം അവശേഷിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന കുഴികള്‍ ഭാവിയില്‍ വന്‍ ഗര്‍ത്തങ്ങളായി മാറാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

 

  ഇങ്ങനെ നമ്മുടെ ഭൂമിയെ ഒട്ടാകെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കാപാലികന്മാര്‍ ഇപ്പോള്‍ കൂടുതലും കേന്ദ്രമാക്കിയിരിക്കുന്നത് തിരുവനന്തപുരത്തെ ഗ്രാമ പ്രദേശങ്ങളാണ്. നഗരത്തില്‍ നിന്നും 20 കിലോമീറ്ററോളം അകലെയാണ് ഇവരുടെ മണല്‍ മാഫിയ പോരാട്ടം നടക്കുന്നത്. ആദ്യമൊക്കെ രാത്രിയില്‍ (11മണിയ്ക്ക് ശേഷം) രഹസ്യമായി നടത്തി വന്നിരുന്ന ഇടപാടുകള്‍ ഇപ്പോള്‍ പട്ടാപകല്‍ പരസ്യമായി നടക്കുന്നു എന്നതാണ് അവിശ്വസനീയമായ സത്യം. നിയമത്തെയും നീതിപീഠത്തെയും പേടിയില്ലാതെ ഇവര്‍ ഭൂമിയില്‍ നിന്നും കൊള്ളയടിച്ച മുതലുമായി ഗ്രാമപ്രദേശങ്ങളിലൂടെ തെരുവുകച്ചവടക്കാരുടെ നിലവിളിയോടെ മണല്‍ വില്‍ക്കുന്നു. ഒരു തവണ ആരെങ്കിലും വാങ്ങിയാല്‍ പിറ്റേ ദിവസവും അതേ ‘മണല്‍ വേണോ മണല്‍ ’ എന്ന വിളിയോടെ അവര്‍ രംഗത്തെത്തും.

  ഇത് അധികൃതര്‍ കാണാത്തതാണോ കണ്ടില്ലെന്നു നടിക്കുന്നതാണോ എന്ന കാര്യത്തില്‍ ദുരൂഹതയുണ്ട്. കാരണം മോഷണ മുതല്‍ വില്‍ക്കണമെങ്കില്‍ അതും പകല്‍ സമയം വിളിച്ചു കൂവി വില്‍ക്കണമെങ്കില്‍ നിയമപാലകരുടെ അറിവില്ലാതെ നടക്കില്ല എന്നത് വ്യക്തമാണ്. ഇങ്ങനെ കൊണ്ടു വരുന്ന മണല്‍ പലഹാര കച്ചവടക്കാരന്‍ കൊണ്ടുവരുന്ന പലഹാരം വാങ്ങുന്ന ലാഘവത്തില്‍ ലക്ഷങ്ങള്‍ നല്‍കി സ്വന്തമാക്കാന്‍ പ്രമാണിമാര്‍ റെഡിയാണെന്നതാണ് അതിലും വലിയ കാര്യം. വാങ്ങാനാളുണ്ടാകുമ്പോള്‍ വില്‍പ്പനയ്ക്കും വില്‍പ്പന ചരക്കുണ്ടാക്കാനുമുള്ള ആവേശം കൂടും. ഇതിനൊപ്പം മേലാളന്‍മാരുടെ ഒത്താശ കൂടിയുണ്ടെങ്കില്‍ പറയുകയേ വേണ്ട.

 

  എന്തായാലും പ്രമാണിമാരും നിയമപാലകരുമൊക്കെ ചേര്‍ന്ന് ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കായും, കോഴക്കായും, മണല്‍ മാഫിയകളെ പരിപോഷിപ്പിക്കുമ്പോള്‍ ഇവര്‍ മുത്തശ്ശി ചൊല്ല് ഓര്‍ക്കുന്നില്ല. ‘താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴും’. ഒരു പക്ഷേ അധികൃതര്‍ അറിയാതെയാണ് മണല്‍ മാഫിയകള്‍ ഇത്തരം സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെങ്കില്‍ അറിയുക. തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളില്‍ അനധികൃതമായി മണല്‍ വില്പന നടക്കുന്നു. ഇതിനു വേണ്ടുന്ന നടപടികള്‍ അധിവേഗം സ്വീകരിച്ച് നമ്മുടെ ധരിത്രിയെ രക്ഷിക്കൂക. നമ്മുടെ ജീവന്‍ നിലനിര്‍ത്തുക.