ശബരിമല വ്രതാനുഷ്ഠാനം എങ്ങനെയാണ്? പതിനെട്ടാം പടി കയറുന്നതിന് മുമ്പ് കൃത്യമായി പാലിക്കപ്പെടേണ്ട അനുഷ്ഠാനങ്ങൾ

ശബരിമല വ്രതാനുഷ്ഠാനം എങ്ങനെയാണ്? പതിനെട്ടാം പടി കയറുന്നതിന് മുമ്പ് കൃത്യമായി പാലിക്കപ്പെടേണ്ട അനുഷ്ഠാനങ്ങൾ

 കുറഞ്ഞത് 41 ദിവസത്തെ വ്രതാനുഷ്ഠാനം വേണം മലകയറാൻ എന്നാണ് നിയമം. ആദ്യമായി മലകയറാൻ വ്രതം തുടങ്ങുന്ന ആളെ 'കന്നി അയ്യപ്പൻ' അഥവ 'കന്നിസ്വാമി' എന്നു വിളിക്കുന്നു. ഒരു പെരിയസ്വാമി അഥവാ ഗുരുസ്വാമിയെ കണ്ടുപിടിക്കുകയാണ് ആദ്യം കന്നി അയ്യപ്പൻ ചെയ്യേണ്ടത്. 18 കൊല്ലമെങ്കിലും മല ചവിട്ടിയ ആളായിരിയ്ക്കും ഗുരുസ്വാമി . അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ, വൃശ്ചികമാസം ഒന്നാം തിയതി ക്ഷേത്രസന്നിധിയിൽ വച്ച് മാലയിടുന്നു. അതിരാവിലെ കുളിച്ചു ശുദ്ധമായി കറുത്ത വസ്ത്രം ധരിച്ചു ശരണംവിളിയോടെ രുദ്രാക്ഷമാല ധരിക്കുന്നു. മാലയിൽ സ്വാമി അയ്യപ്പൻറെ രൂപം ഉൾക്കൊള്ളുന്ന ലോക്കറ്റ് ഉണ്ടായിരിക്കണം.

 

വൃശ്ചിക ഒന്നുമുതൽ ധനു 11 വരെ വ്രതാനുഷ്ഠാനങൾ തെറ്റാതെ അനുഷ്ഠിക്കണം. മണ്ഡലകാലത്ത് 'വെള്ളംകുടി (ആഴിപൂജ, പടുക്ക)' എന്ന ചടങ്ങ് നടത്തുന്നു. ശബരിമലക്ക് പോകും മുമ്പായി ' കെട്ടുനിറ ' അഥവാ 'കെട്ടുമുറുക്ക് ' എന്ന കർമ്മം നടത്തുന്നു. ഗുരുസ്വാമിയുടെ നേതൃത്വത്തിൽ അയ്യപ്പന്മാർ ഇരുമുടിക്കെട്ടുനിറയ്ക്കുന്നു. വീട്ടിൽ വച്ചോ അടുത്ത ക്ഷേത്രത്തിൽ വെച്ചോ ആകാം. കെട്ടുനിറച്ച്, നാളികേരം ഉടച്ച്, പിന്തിരിഞ്ഞു നോക്കാതെ, ശരണം വിളിയോടെ അയ്യപ്പന്മാർ യാത്ര പുറപെടുന്നു. എരുമേലി എത്തിയാൽ അവിടെ വച്ച് പേട്ടതുള്ളൽ എന്ന ചടങ്ങ് നടത്തുന്നു. പേട്ടതുള്ളൽ കഴിഞ്ഞാൽ എരുമേലി വലിയമ്പലം ശാസ്താക്ഷേത്രത്തിന്റെ മുൻവശത്തുള്ള ജലാശയത്തിൽ സ്നാനം ചെയ്തു ക്ഷേത്ര ദർശനം നടത്തി കാണിക്കയിട്ടു തൊഴുതു നാളികേരം എറിഞ്ഞു കെട്ടുതാങ്ങി 'സ്വാമിയുടെ കോട്ടപ്പടി' എന്ന ആ സ്ഥാനം കടക്കുന്നു. തുടർന്ന് വാവരുസ്വാമി നടയിലും തൊഴുത് പേരൂർതോട് കടന്ന് കാളകെട്ടി വഴി അഴുതയിലെത്തുന്നു. പിന്നീട് അഴുതാനദിയിലെ സ്നാനമാണ്. പമ്പാനദിയുടെ ഒരു പോഷകനദിയാണ് അഴുതാനദി. കന്നി അയ്യപ്പന്മാർ അഴുതയിൽ മുങ്ങി ഒരു കല്ലെടുത്ത്‌ വസ്ത്രത്തിന്റെ തുമ്പിൽ കെട്ടിയിടുന്നു.

പിന്നീട് കല്ലിടാംകുന്നിലെത്തി ശേഖരിച്ച കല്ലുകൾ അവിടെ നിക്ഷേപിക്കുന്നു. മുക്കുഴിതീർത്ഥവും കരിയിലംതോടും കടന്ന്, അതികഠിനമായ കരിമല കയറി, വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് പമ്പാനദിക്കരയിൽ എത്തുന്നു. അവിടെവച്ച് പമ്പവിളക്കൊരുക്കും. തുടർന്ന് പമ്പാനദിയിൽ മുങ്ങിക്കുളിച്ചു പമ്പസദ്യ ഒരുക്കും. ഗുരുസ്വാമിയ്ക്കുള്ള ദക്ഷിണ ഇവിടെവച്ച് നൽകണം. പമ്പസദ്യയുണ്ട് പമ്പയിലെ ഗണപതിക്ഷേത്രത്തിൽ തൊഴുത് നീലിമലകയറ്റം തുടങ്ങുന്നു. പിന്നീടുള്ള യാത്ര മദ്ധ്യേ അപ്പാച്ചിമേടും, ഇപ്പാച്ചിമേടും കാണാം.അവിടെ അരിയുണ്ടയും ശർക്കരയുണ്ടയും എറിയുന്നു. ശബരിപീഠം പിന്നീടു ശരംകുത്തിയിൽ എത്തി അവിടെ കന്നി അയ്യപ്പൻമാർ ശരക്കോൽ നിക്ഷേപിക്കുന്നു. അല്പനേരം കഴിഞ്ഞാൽ പരമപവിത്രമായ ശബരീശസന്നിധിയിൽ ഭക്തരെത്തുന്നു.

 

പതിനെട്ടാം പടി കയറുന്നതിന് മുമ്പ് ഇരുമുടിക്കെട്ടിൽനിന്നും നെയ്യ് നിറയ്ക്കാത്ത തേങ്ങയെടുത്ത് പടിയുടെ അടുത്തുള്ള കല്ലിൽ എറിഞ്ഞുടയ്ക്കുന്നു. പിന്നെ പതിനെട്ടാംപടി കയറി ക്ഷേത്രനടയിലെത്തി ഇരുമുടിക്കെട്ട് അയ്യപ്പന് കാണിച്ചു കൊടുക്കുന്നു. തുടർന്ന്, കെട്ടഴിച്ച് നെയ്തേങ്ങ പുറത്തെടുത്ത് ഉടച്ച്, തേങ്ങയുടെ ഉള്ളിൽ നിറച്ച നെയ്യ് ഒരു പത്രത്തിൽ ഒഴിച്ച് ഭഗവാന് അഭിഷേകം ചെയ്യാൻ കൊടുക്കുന്നു. നെയ്യ് ജീവാത്മാവും തേങ്ങ ശരീരവുമാണെന്നാണ് വിശ്വാസം. അതിനാൽ, നെയ്യ് പുറത്തെടുക്കുന്നതോടെ തേങ്ങ ജഡമായതായി സങ്കല്പിയ്ക്കപ്പെടുന്നു. ഇങ്ങനെ മുറിച്ച തേങ്ങകൾ പിന്നീട് പതിനെട്ടാം പടിയ്ക്കടുത്തുള്ള ആഴിയിൽ നിക്ഷേപിയ്ക്കുന്നു.

തുടർന്ന്, പ്രദക്ഷിണമായി വന്ന് കന്നിമൂല ഗണപതിയെയും നാഗദൈവങ്ങളെയും തൊഴുത് ഭക്തർ അടുത്തുള്ള മാളികപ്പുറത്തേയ്ക്ക് പോകുന്നു. പോകുന്ന വഴിയിലാണ് ഭസ്മക്കുളം. ഭക്തർ ഇവിടെയും കുളിയ്ക്കുന്നു. മാളികപ്പുറത്തമ്മയുടെ നടയിൽ യഥാവിധി വഴിപാടുകൾ കഴിച്ച് സമീപത്തുള്ള കൊച്ചുകടുത്ത, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവരെയും വണങ്ങുന്ന ഭക്തർ തുടർന്ന് അവശേഷിച്ച നാളികേരങ്ങൾ നടയിൽ ഉരുട്ടുന്നു. അയ്യപ്പന്റെ മൂലസ്ഥാനമായ മണിമണ്ഡപവും ഇവിടെയാണ്. മണിമണ്ഡപമുറ്റത്ത് നടത്തുന്ന പറകൊട്ടിപ്പാട്ട് പ്രശസ്തമാണ്. 

വേലൻ സമുദായത്തിൽ പെട്ടവരാണ് ഈ ആചാരം നടത്തുന്നത്. സ്വാമിമാരുടെയും മാളികപ്പുറങ്ങളുടെയും സമസ്തദോഷങ്ങളും ഇതോടെ തീർന്നുവെന്നാണ് വിശ്വാസം. പിന്നീട്, വീണ്ടും അയ്യപ്പന് മുന്നിലെത്തി വണങ്ങുന്ന ഭക്തർ പതിനെട്ടാം പടിയിലൂടെ താഴെയിറങ്ങി സന്നിധാനത്തെ വാവരുനടയിലും തൊഴുത് അരവണപ്പായസവും ഉണ്ണിയപ്പവും മറ്റ് പ്രസാദങ്ങളും വാങ്ങി മടക്കയാത്ര തുടങ്ങുന്നു. വീട്ടിലെത്തി കുളിച്ച് ശരണംവിളിച്ച് മാലയൂരുന്നതോടെ വ്രതം അവസാനിയ്ക്കുന്നു.