കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നോവല്‍ ‘നിരീശ്വരന്‍’; കവിത ‘മിണ്ടാപ്രാണി’

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നോവല്‍ ‘നിരീശ്വരന്‍’; കവിത ‘മിണ്ടാപ്രാണി’

തൃശൂര്‍: 2017ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം നിരീശ്വരന്‍ എന്ന കൃതിയിലൂടെ വി ജെ ജെയിംസ് സ്വന്തമാക്കി. കവിതാ വിഭാഗത്തില്‍ വീരാന്‍കുട്ടിയുടെ 'മിണ്ടാപ്രാണി' എന്ന കവിതയ്ക്കാണ് പുസ്‌കാരം.

അയ്മനം ജോണ്‍ (ഇതരചരാചരങ്ങളുടെ ചരിത്രപുസ്തകം- ചെറുകഥ), എസ് വി വേണുഗോപന്‍നായര്‍ (സ്വദേശാഭിമാനി- നാടകം), കല്‍പറ്റ നാരായണന്‍ (കവിതയുടെ ജീവചരിത്രം- സാഹിത്യവിമര്‍ശനം) എന്‍ ജെ കെ നായര്‍ (നദീവിജ്ഞാനീയം- വൈജ്ഞാനിക സാഹിത്യം),

ജയചന്ദ്രന്‍ മൊകേരി (തക്കിജ്ജ എന്റെ ജയില്‍ജീവിതം- ജീവചരിത്രം/ആത്മകഥ) സി വി ബാലകൃഷ്ണന്‍ (ഏതേതോ സരണികളില്‍- യാത്രാവിവരണം), രമാമേനോന്‍ (പര്‍വതങ്ങളും മാറ്റൊലികൊള്ളുന്നു- വിവര്‍ത്തനം), വി ആര്‍ സുധീഷ് (കുറുക്കന്‍മാഷിന്റെ സ്‌കൂള്‍-ബാലസാഹിത്യം),

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി (എഴുത്തനുകരണം അനുരണനങ്ങളും- ഹാസസാഹിത്യം) എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി. അക്കാദമി അവാര്‍ഡുകള്‍ക്ക് ഇരുപത്തയ്യായിരം രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് സമ്മാനിക്കുക.

ഡോ കെ.എന്‍ പണിക്കര്‍ക്കും ആറ്റൂര്‍ രവിവര്‍മയ്ക്കും വിശിഷ്ടാംഗത്വം നല്‍കി. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണ പതക്കവും പ്രശസ്തിപത്രവുമാണ് ഇരുവര്‍ക്കും നല്‍കുക.

സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം പഴവിള രമേശന്‍, കുഞ്ഞപ്പ പട്ടാന്നൂര്‍, ഡോ കെ ജി പൗലോസ്, കെ അജിത, എം പി പരമേശ്വരന്‍, സി എല്‍ ജോസ് എന്നിവര്‍ക്ക് സമ്മാനിക്കും. മുപ്പതിനായിരം രൂപയും പ്രശ്‌സ്തി പത്രവുമാണ് ഇവര്‍ക്ക് ലഭിക്കുക. എസ് കലേഷിന്റെ ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തിനാണ് കനകശ്രീ പുരസ്‌ക്കാരം.

ഇതിന് പുറമേ മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം എന്ന പി പവിത്രന്റെ പുസ്തകത്തിന് ഐസി ചാക്കോ പുരസ്‌ക്കാരവും ചെറുകഥയ്ക്കുള്ള ഗീതാ ഹിരണ്യന്‍ പുരസ്‌കാരം അബിന്‍ ജോസഫിന്റെ കല്യാശ്ശേരി തീസിസിനുമാണ്

ഉപന്യാസത്തിനുള്ള സിബി കുമാര്‍ അവാര്‍ഡ് മുരളി തുമ്മാരുകുടിക്കാണ്. തുഞ്ചന്‍സ്മാരക പ്രബന്ധമത്സരത്തിനുള്ള പുരസ്‌കാരത്തിന് ശീതള്‍ രാജഗോപാല്‍ അര്‍ഹയായി.