ഗുവാഹതി: അസമിൽ കമിതാക്കൾക്കുനേരെ ആൾക്കൂട്ട ഗുണ്ടായിസം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും യുവാവിനെയും ആക്രമിക്കുകയും നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിലായിട്ടുണ്ട്.
ഗോൾപാര ജില്ലയിലെ പുഖുർപൂർ ഗ്രാമത്തിൽ ഇൗ മാസം 19നാണ് സംഭവം. ഒരു സംഘം പേർ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മർദനത്തിനൊടുവിൽ ഗ്രാമീണർ ചുറ്റും നിന്ന് ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചെന്നും ആക്രമിക്കപ്പെട്ട യുവാവിന്റെ സഹോദരൻ പറഞ്ഞു.
സംഭവത്തിൽ പരാതിയൊന്നും ലഭിച്ചില്ലെന്നും പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കുകയാണെന്നും അസം ഡി.ജി.പി കുൽധാർ സൈകിയ അറിയിച്ചു. അസമിലെ കർബി അംഗ്ലോങ്ങിൽ വിനോദസഞ്ചാരികളായ രണ്ട് യുവാക്കളെ കുട്ടികളെ മോഷ്ടിക്കുന്നവർ എന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതിനു പിന്നാലെയാണ് പുതിയ സംഭവം.