എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദിച്ച കേസില്‍ വ്യാജ അന്വേഷണ റിപ്പോര്‍ട്ട് 

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പോലീസ് മര്‍ദിച്ച കേസില്‍ വ്യാജ അന്വേഷണ റിപ്പോര്‍ട്ട് 

കൊല്ലം: കരുനാഗപ്പള്ളിയില്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായ അഖില്‍ കൃഷ്ണനെ നടുറോഡിലും ലോക്കപ്പിലും വെച്ച് കരുനാഗപ്പള്ളി അഡിഷണല്‍ സബ് ഇന്‍സ്പെക്ടര്‍ ശ്യാം കുമാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സംഭവം ആഗസ്ത് മാസം ആറാം തീയതി ആയിരുന്നു. മര്‍ദ്ദനം നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സഹായിക്കുന്ന വിധത്തിലാണ് കളവായ വിവരങ്ങള്‍ കാണിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സമീപത്തുള്ള കടയിലെ സി സി ക്യാമറ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോലും ലഭ്യമായിരിക്കെ അതൊന്നും പരിശോധിക്കാതെ പോലീസ് മിതമായ ബലപ്രയോഗം മാത്രമേ നടത്തിയുള്ളു എന്നാണു അന്വേഷണ റിപ്പോര്‍ട്ട്.

അഖിലിനെ യാതൊരു പ്രകോപനവുമില്ലാതെ തൂക്കിയെടുത്തു ജീപ്പിലെ പ്ലാറ്റഫോമിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ ലഭ്യമാണ്. അസിസ്റ്റന്റ് കമീഷണര്‍ ഇതൊന്നും കാണാതെയാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്‌കൂട്ടര്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്ന നിലയില്‍ പാര്‍ക്ക് ചെയ്തതിനു ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും അതിനാല്‍ മിതമായ ബലപ്രയോഗം നടത്തി സ്റ്റേഷനില്‍ കൊണ്ടുപോയി പെറ്റി കേസെടുത്തു എന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്‌കൂട്ടര്‍ അഖിലിന്റെ ഉടമസ്ഥതയില്‍ ഉള്ളതല്ല. സ്‌കൂട്ടറിന്റെ ഉടമ അവിടെ തന്നെ ഉണ്ടായിരിക്കെ അയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമില്ല.

അഖിലിനെതിരെ എടുത്ത കേസും കള്ളക്കേസായിരുന്നു എന്ന് വ്യക്തമാണ്. സ്റ്റേഷനില്‍ നിന്നും വിടുന്നതിനു 100 രൂപ അടക്കണമെന്ന് കാണിച്ചു അത് വാങ്ങി കള്ളക്കേസ് പോലീസ് എടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് വിധേയനായ അഖില്‍ 5  ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതൊന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ ഇല്ല. അഖിലിന്റെ പരാതിയില്‍ നാളിതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. കേസ് പരിഗണിച്ച മനുഷ്യാവകാശ കമീഷന്‍ പോലീസിന്റെ റിപ്പോര്‍ട്ടിന് മറുപടി സമര്‍പ്പിക്കാന്‍ അടുത്ത മാസം രണ്ടാം തീയതി വീണ്ടും അവധി വെച്ചിരിക്കുകയാണ്. അഖിലിന് വേണ്ടി അഡ്വ. ബോറിസ് പോള്‍ കമീഷന്‍ മുമ്പാകെ ഹാജരായി.