പ്രത്യക്ഷവരുമാന നികുതിയില്‍ കേരളത്തിന് പന്ത്രണ്ടാം സ്ഥാനം

പ്രത്യക്ഷവരുമാന നികുതിയില്‍ കേരളത്തിന് പന്ത്രണ്ടാം സ്ഥാനം

കൊച്ചി: രാജ്യത്തെ പ്രത്യക്ഷവരുമാന നികുതിയില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നു. കേരളത്തില്‍നിന്നുള്ള നികുതി വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,139 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ നികുതി വരുമാനം 13,779 കോടിയായിരുന്നു.സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ 3.84 ലക്ഷം കോടി രൂപയുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. മഹാരാഷ്ട്രയുടെ പങ്ക് മുന്‍ വര്‍ഷം 3.14 ലക്ഷം കോടി രൂപയായിരുന്നു. നികുതിവിഹിതത്തില്‍ ഇത്തവണയും രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി 1.37 ലക്ഷം കോടിയുമായി മഹാരാഷ്ട്രയെക്കാള്‍ ഏറെ പിന്നിലാണുള്ളത്. മൂന്നാം സ്ഥാനം നിലനിര്‍ത്തിയത് കര്‍ണാടകമാണ്. ഒരു ലക്ഷം കോടി കടന്നാണ് കര്‍ണാടകം ഇത് നിലനിര്‍ത്തിയത്. നാലും, അഞ്ചും സ്ഥാനത്തോയ്ക്ക് തമിഴ്നാടും (67,583 കോടി), ഗുജറാത്തു (44,866 കോടി) മാണ് എത്തിയിട്ടുളളത്.

എന്നാല്‍ തെലങ്കാനയുടെ വിഹിതം മുന്‍വര്‍ഷത്തെക്കാള്‍ ഇരട്ടിയായപ്പോള്‍ മിസോറാം കഴിഞ്ഞ തവണത്തെക്കാള്‍ പിന്നാക്കം പോയി എന്നതാണ് പ്രത്യേകത.കേന്ദ്രഭരണ പ്രദേശങ്ങളില്‍ 2,491 കോടി രൂപയുമായി ഛണ്ഡീഗഢാണ് മുന്നില്‍. സംസ്ഥാനങ്ങളില്‍ മിസോറാ (76 കോടി) മും കേന്ദ്രഭരണ സ്ഥലങ്ങളില്‍ ലക്ഷദ്വീപു (20.7 കോടി) മാണ് ഏറ്റവും പിന്നില്‍.രാജ്യത്ത് മൊത്തം 10 ലക്ഷം കോടിയില്‍പ്പരം രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിഞ്ഞെന്നാണ് പ്രാഥമിക കണക്കുകള്‍. മുന്‍ വര്‍ഷമിത് എട്ടര ലക്ഷം കോടിയായിരുന്നു. 

അധികൃതര്‍ക്ക് ലഭ്യമായിട്ടുളള കണക്ക് പ്രകാരം വ്യക്തിഗത ആദായനികുതിദായകരുടെ വിഭാഗത്തില്‍നിന്ന് 4,66,75,114 പേരുടെ റിട്ടേണുകളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ നൂറുകോടി മുതല്‍ അഞ്ഞൂറുകോടി രൂപ വരെ പ്രതിവര്‍ഷ വരുമാനമുള്ള രണ്ടുപേരുണ്ടെന്നതും കൗതുകകരമായ ഒന്നാണ്. ഇതില്‍ പ്രതിവര്‍ഷം മൂന്നര ലക്ഷത്തിനും നാലര ലക്ഷത്തിനുമിടയില്‍ രൂപ വരുമാനമുള്ളവരാണ് ഏറ്റവും കൂടുതല്‍ ഉളളത്. 32,79,867. രണ്ടര ലക്ഷത്തിനും മൂന്നര ലക്ഷത്തിനുമിടയില്‍ ശമ്പളം കിട്ടുന്നവരുടെ എണ്ണം റിട്ടേണുകള്‍ പ്രകാരം 30,09,390 ആണ്. നാലര മുതല്‍ അഞ്ചുലക്ഷം വരെയുള്ളവരുടെ എണ്ണമാകട്ടെ 30,38,853 ആണ്. അഞ്ചര മുതല്‍ പത്തുലക്ഷം വരെയുള്ളതില്‍ 66,80,197 പേരാണുള്ളതെങ്കില്‍ ഇതിനു മുകളില്‍ പതിനഞ്ചുലക്ഷം രൂപ വരെ 17,72,799 പേരുണ്ട്. അന്‍പതു മുതല്‍ നൂറുകോടി രൂപ വരെ വാര്‍ഷിക വരുമാനക്കാര്‍ 23 പേരുണ്ടെന്നുമാണ് രേഖകളില്‍നിന്ന് വ്യക്തമാകുന്നത്.