ഉദാഹരണം സുജാത—-കലാപരമായി കുറേകൂടിമുന്നേറാനുള്ള ഇടം ഈ സിനിമയിലുണ്ടായിരുന്നു.അതിന് സംവിധായകന് കഴിഞ്ഞില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമയാണിത്.അമ്മമാരും മക്കളും തീര്ച്ചയായും കാണേണ്ട സിനിമ തന്നെ.

Anilkumar Nalothukudy
ഉദാഹരണം സുജാത—-കലാപരമായി കുറേകൂടിമുന്നേറാനുള്ള ഇടം ഈ സിനിമയിലുണ്ടായിരുന്നു.അതിന് സംവിധായകന് കഴിഞ്ഞില്ലെങ്കിലും കണ്ടിരിക്കാവുന്ന ഒരു സിനിമയാണിത്.അമ്മമാരും മക്കളും തീര്ച്ചയായും കാണേണ്ട സിനിമ തന്നെ.

   നവീന് ഭാസ്കറിന്റെ തിരക്കഥയില് ഫാന്റം പ്രവീണ് സംവിധാനം ചെയ്ത് സിനിമയാണ് ഉദാഹരണം സുജാത.സുജാതയാകുന്നത് മഞ്ജു വാര്യരാണ്. മാര്ട്ടിന് പ്രക്കാട്ടും ജോജൂ ജോര്ജ്ജും ചേര്ന്നാണ് സിനിമ നിര്മിച്ചിരിക്കുന്നത്.നെടുമുടി വേണു തിരക്കഥാകാരന് ജോര്ജ്ജ് പോള് തരകനാവുന്നു.സുജാതയുടെ മകള് ആതിര കൃഷ്ണനാവുന്നത് അനശ്വര രാജനാണ്. ഗോപീ സുന്ദര് സംഗീതവും മധു നീലകണ്‌ഠന് ഛായാഗ്രഹണവും നിര്വ്വഹിച്ചിരിക്കുന്നു. ജോജു ജോര്ജ്ജ് കുതിരമാഷാവുന്നു. മമതമോഹന്ദാസാണ് കലക്ടറുടെ വേഷത്തിലെത്തുന്നത്.

    സുജാത ഒരു താഴെത്തട്ടിലുള്ള ജീവനക്കാരിയാണ്.വീടുകളില് രാവിലെ തന്നെ എഴുന്നേറ്റ് ജോലിക്ക് പോകുന്നു സുജാത. അന്യവീടുകളില് അടുക്കളപ്പണിക്ക് ചെന്നും ചെറുകിട സ്ഥാപനങ്ങളില് തൂപ്പ് വേല ചെയ്തുമാണ്സുജാത ജീവിക്കുന്നതും തന്റെ മകളെ പഠിപ്പിക്കുന്നതും.മകളെ ഒരു കലക്ടറാക്കണമെന്നതാണ് സുജാതയുടെ ആഗ്രഹം. സുജാതയുടെ ഭര്ത്താവ് ഒരു ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു.അയാളുടെ അകാലത്തിലുള്ള മരണമാണ് സുജാതയുടെ ജീവിതം അസന്നിഗ്ദ്ധമാക്കിയത്.എങ്കിലും അവര് ധൈര്യപൂര്വ്വം പിടിച്ചു നില്ക്കാന് ശ്രമിക്കുകയാണ്

.

   തിരക്കഥാകാരന് ജോര്ജ്ജ് പോളിന്റെ വീട്ടിലെ ജോലിയാണ് അവര് കൂടുതല് ആശ്വസിക്കുന്നത്.കാരണം അവള്ക്ക് വേണ്ട ഉപദേശങ്ങളും നിര്ദ്ദേശ്ശങ്ങളും നല്കുന്നത് അദ്ദേഹമാണ്.അദ്ദേഹത്തിന്റെ കുടുംബം അമേരിക്കയിലാണ്.അതുകൊണ്ടുകൂടിയാണ് അദ്ദേഹം സുജാതയെ ഒരു മകളെപോലെ കണ്ട് സ്നേഹിക്കുന്നത്. തൂപ്പ് വേലചെയ്യിക്കുന്നതിന് ഇനി മേല് ഏജന്സിയേയാണ് ഏല്പ്പിച്ചിരിക്കുന്നത് അതുകൊണ്ട് സുജാത വരേണ്ട എന്ന് ഒരു സ്ഥാപന ഉടമ പറയുന്നുണ്ട്. അപ്പോഴും അവള്ക്ക് ആശ്വാസമാവുന്നത് ജോര്ജ്ജ് പോളാണ്. ആതിരയ്ക് രാവിലെയുള്ള ആഹാരം പോലും കൊടുക്കാന് സുജാതക്ക് കഴിയാറില്ല.പണിക്ക് ചെന്നില്ലെങ്കില് പണി പോകുമല്ലോ.അതുകൊണ്ട് അതുപോലും ചിലപ്പോഴൊക്കെ നിര്വ്വഹിക്കുന്നത് അയല് പക്കക്കാരാണ്.തന്റെ മകളെ കലക്ടറാക്കണമെന്നതാണല്ലോ സുജാതയുടെ ആഗ്രഹം. (പെണ്ണാളെ പെണ്ണാളെ ചെല്ലമണികണ്ണാളെ എന്ന ഗോപി സുന്ദര് ഗാനം കേള്ക്കാന് കൊള്ളാം.)

    വലുതാകുന്പോള് നിനക്ക് ആരാകണമെന്നാണ് ആഗ്രഹമെന്ന് സുജാത മകളോട് ചോദിക്കുന്നു.അവള് പറയുന്ന മറുപടി വിചിത്രമായിട്ടാണ് സുജാതയ്ക് തോന്നുന്നത്.ആതിരയ്ക് വേലക്കാരിയായാല് മതിയെന്നാണവള് പറയുന്നത്.കാരണമായിട്ടവള് പറയുന്നത് ഡോക്ടറുടെ മകള് ഡോക്ടര്, എഞ്ചിനീയറുടെ മകള് എഞ്ചിനീയര് അപ്പോള് വേലക്കാരിയുടെ മകള് വേലക്കാരി എന്നാണ്. സുജാതയുടെ മനസ്സ് തകര്ന്ന് പോകുന്നു.അവള് അക്കാര്യം ജോര്ജ്ജ് പോളിനോട് പങ്കുവയ്കുന്നു.അയാള് അവളെ ആശ്വസിപ്പിക്കുന്നു.

    സ്കൂളില് വിഷയങ്ങള്ക്കെല്ലാം മോശം മാര്ക്കായിരുന്നു ആതിരയ്ക്.അത് മെച്ചപ്പെടുത്തിയെടുക്കണമെന്ന് ജോര്ജ്ജ് പോള് ഉപദേശിക്കുന്നു. അതിന്റെ പുറകെയായി പിന്നെ സുജാത. ബുദ്ധിയില്ലാത്തതുകൊണ്ടൊന്നുമായിരുന്നില്ല ആതിര പഠിക്കാതിരുന്നത്.വേലക്കാരിയുടെ മകള് വേലക്കാരിയായാല് മതിയല്ലോ.അതായിരുന്നു അവളുടെ ചിന്താഗതി. അതിനൊക്കെ ഒരു മാറ്റം വരണം.മകള് ഐ.ഏ.എസ്സുകാരിയാകണം അതായിരുന്നു ആ അമ്മയുടെ ആഗ്രഹം. മമ്താ മോഹന്ദാസ് അവതരിപ്പിക്കുന്ന കലക്ടറെ സുജാത കാണാന് പോകുന്ന രംഗം നോക്കുക. കലക്ടറുടെ ബംഗ്ലാവിലേയ്കൊന്നും ഒരു സാധാരണവ്യക്തിക്ക് കടന്നുചെല്ലാന് കഴിയില്ല.അതാണവിടെ നാം കാണുന്നത്.സുജാത സെക്യൂരിറ്റി ഗാര്ഡ്സിനാല് ആട്ടിപ്പായിക്കപ്പെടുന്നു. പിന്നീട് കലക്ടര് നേരിട്ട് ഇടപെട്ടിട്ടാണ് അവള്ക്ക് അകത്ത് പ്രവേശിക്കാന് സാധിക്കുന്നത്.ഒരൊറ്റ കാര്യം അറിയാന് വേണ്ടിയാണത്രേ സുജാത എത്തിയിരിക്കുന്നത്.കളക്ടറാവാന്ഏത് കോളേജിലാണ് പഠിക്കേണ്ടത് എന്നാണ് സുജാതയുടെ ചോദ്യം. അതിന് പ്രത്യേകിച്ച് ഒരു കോളേജിലും പോകണമെന്നില്ല എന്നാണ് കളക്ടറുടെ മറുപടി.താന് സ്വന്തമായി പഠിച്ചാണ് ഇവിടം വരെ എത്തിയത് എന്നും കളക്ടര് ഓര്മ്മിപ്പിക്കുന്നു.ചായയുംകൊടുത്ത് വണ്ടിയിലും ഏറ്റിയാണ് സുജാതയെ കളക്ടര് മടക്കിയയ്കുന്നത്. ഇതെല്ലാം സുജാതയെ വളരെയധികം സന്തോഷിപ്പിക്കുന്നു.

    ജോര്ജ്ജ് പോളിന്റെ നിര്ദ്ദേശ്ശപ്രകാരമായിരുന്നു സുജാത മകളെ പിസി ജോര്ജ്ജിന്റെ ട്രയിനിംഗ് സ്ഥാപനത്തിലാക്കുവാന് ശ്രമിക്കുന്നത്.പി.സി.ജോര്ജ്ജായി അലന്സിയറെത്തുന്നു. അലന്സിയര് അവതരിപ്പിക്കുന്ന പി.സി.ജോര്ജ്ജ് കച്ചവടക്കാരായ ട്യൂഷന്സെന്ററുകാരുടെ പ്രതിനിധിയാണ്.അമ്മട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്….എന്നിട്ടും ആതിരയ്ക് പഠിക്കാനുള്ള മോഹമുണ്ടാവുന്നില്ല.അവള് വേലക്കാരിയുടെ മകളാണല്ലോ. തന്നെ പഠിപ്പിക്കാന് അമ്മയുടെ കൈയ്യില് എവിടെയാണ് പണം എന്നാണവള് ചോദിക്കുന്നത്.

    അങ്ങനെയാണ് ജോര്ജ്ജ് പോള് ഒരുനിര്ദ്ദേശ്ശം വയ്കുന്നത്.സുജാത പഠിക്കണം എന്നിട്ട് മകളെ പഠിപ്പിക്കണം. പത്താം ക്ലാസ്സിലെ അമ്മമാര്.അതായിരുന്നു ആ പ്രോജക്ടിന്റെ പേര്. മകള് ആതിര പഠിക്കുന്ന സ്കൂളില് തന്നെ സുജാതയും പഠിക്കാനെത്തുന്നു.അത് ആതിരയ്ക് കുറച്ചിലായി.

   ജോജു ജോര്ജ്ജ് അവതരിപ്പിക്കുന്ന കുതിരമാഷാണ് അവിടുത്തെ ഹെഢ്മാസ്റ്റര്.കുട്ടികള് അദ്ദേഹത്തിനിട്ടിരിക്കുന്ന പേരാണ് കുതിര എന്നത്. അദ്ദേഹം പഠിപ്പിക്കുന്ന വിഷയം കണക്കാണ്. ആദ്യം അയാള് സുജാതയെ സ്കൂളില് ചേര്ക്കാന് വിസമ്മതിക്കുന്നുണ്ട്.ജോര്ജ്ജ് പോളിന്റെ നിര്ബന്ധത്തിനും നിയമോപദേശത്തിനും വഴങ്ങിയാണയാള് സുജാതക്ക് അഡ്മിഷന് നല്കുന്നത്.

   സുജാത പഠിച്ച് മുന്നേറുന്നു.അപ്പോഴും ആതിരക്ക് പഠിക്കാന് കഴിയുന്നില്ല. അമ്മ സ്കൂളില് വരാതിരിക്കാമെങ്കില് താന് പഠിക്കാമെന്നായി ആതിര. ആ ഐഡിയയ്ക് ജോര്ജ്ജ് പോള് എതിരായിരുന്നു.സ്കൂളില് നിന്നും പിന്വാങ്ങാന് തീരുമാനിച്ചിരുന്ന സുജാത അങ്ങനെയാണ് സ്കൂളില് നിന്നും, പഠനത്തില് നിന്നും പിന്മാറില്ല എന്ന നിലപാടെടുക്കുന്നത്. ആതിരയും വാശിയോടെ പഠിക്കുന്നു.അവളും പഠനത്തില് മുന്നേറുന്നു. സുജാതയുടെ സ്കൂള് രംഗങ്ങള് രസകരമായിത്തന്നെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് കുട്ടികള്ക്ക് അറിയില്ലായിരുന്നു സുജാത ചേച്ചി ആതിരകൃഷ്ണന്റെ അമ്മയായിരുന്നു എന്ന്.സുജാത ചേച്ചി കൊണ്ടുവരുന്ന കറികള് മറ്റ് കുട്ടികള് പങ്ക് വയ്കുന്നുണ്ട്. സുജാത ചേച്ചിയുടെ കറിക്കും ആതിരയുടെ കറിക്കും ഒരേ രുചിയാണല്ലോ എന്ന് കുട്ടികള് അത്ഭുതപ്പെടുന്നുണ്ട്.

   തികഞ്ഞ കൈയ്യടക്കത്തോടെ സംവിധായകന് അവതരിപ്പിക്കുന്ന സുജാതയുടെ ലൈംഗികജീവിതത്തെ പ്രത്യേകം പരാമര്ശിക്കാതെ വയ്യ. സുജാത ഫ്ലാറ്റില് പണിക്ക് പോകുന്പോള് രാവിലെ എക്സര്സൈസ് ചെയ്തുകൊണ്ട് നില്ക്കുന്ന ഒരു യുവാവ് സുജാതയെ കാമാര്ത്തിയോടെ നോക്കുന്നുണ്ട്. സുജാതയും അവനെ നോക്കുന്നുണ്ട്. സുജാത താമസിക്കുന്നിടത്ത് ഒരുവന് പായസമായെത്തുന്നുണ്ട്.അവന് അവളില് ഒരു നോട്ടമുണ്ട്.അത് പക്ഷെ കാമം മാത്രമായിരുന്നില്ല.അവന് അവളെ വിവാഹം കഴിച്ചാല്കൊള്ളാമെന്നുണ്ട് എന്നരീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. സുജാത ജോലിസ്ഥലത്ത് തലചുറ്റി വീണപ്പോള് സുജാതയെ ഒരുവന് അവന്റെ ഇരുചക്രവാഹനത്തില് വീട്ടില് കൊണ്ടുചെന്നാക്കുന്നുണ്ട്.ഇത് മകള് ആതിരക്ക് സംശയത്തിന് ഇട നല്കുന്നുണ്ട്.സുജാത തന്റെ ലൈംഗിക ജീവിതം പോലും ഉപേക്ഷിച്ചത് മകള്ക്ക് വേണ്ടിയാണെന്നുള്ള കാര്യം മകള് അറിയുന്നത് പിന്നീടാണ്.

   ജോര്ജ്ജ് പോള് അമേരിക്കയിലുള്ള തന്റെ ഭാര്യയെ സന്ദര്ശിക്കാന് പോകുന്ന സമയത്ത് സുജാതയ്ക് കുറച്ച് പണം നല്കിയിരുന്നു.ആ പണം ആതിര മോഷ്ടിക്കുന്നു. ആ പണം കൊണ്ട് തുളസിയുടെ കൈയ്യില് നിന്നും വാങ്ങിയ കടം വീട്ടാമെന്നാണ് സുജാത കരുതിയത്.അതുകൊണ്ടാണ് സുജാത തുളസിയെ വിളിച്ചു വരുത്തുന്നത്.അപ്പോഴാണ് പണം കാണാനില്ല എന്ന വിവരം അറിയുന്നത്.ആ പണം കിട്ടിയിട്ട് വേണം തുളസിയ്ക് തന്റെ മകന്റെ ഫീസ് കൊടുക്കാന്. തുളസി ,സുജാതയെ ശപിച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങിപ്പോകുന്നു. മുറിയാകെ തിരഞ്ഞപ്പോഴാണ് സുജാത തന്റെ മകള് വാങ്ങിവച്ചിരിക്കുന്ന വിലകൂടിയ ഇനങ്ങള് കാണുന്നത്.അവള്ക്ക് മനസ്സിലാവുന്നു തന്റെ മകള് ആ പണം മോഷ്ടിച്ചിരിക്കുന്നു എന്ന്. ഇക്കാര്യത്തെ പറ്റി സുജാത ചോദിക്കുന്പോള് മകള് അമ്മയോട് കയര്ത്ത് സംസാരിക്കുന്നു.ഈ പണം എങ്ങനെ ഉണ്ടാക്കിയതാണെന്ന് തനിക്കറിയാമെന്നാണ് മകള് പറയുന്നത്.കണ്ടവരുടെ ഒക്കെ കൂടെ കറങ്ങി നടന്ന് ഉണ്ടാക്കിയ പണമാണെന്നാണ് ആതിര സുജാതയുടെ മുഖത്തു നോക്കി പറയുന്നത്.ആ അമ്മ തകര്ന്ന് പോകുന്നു.

     പിന്നീട് ജോലി ചെയ്യാന് പോകവേ ഭര്ത്താവിന്റെ സുഹൃത്ത് ഓട്ടോ റിക്ഷയുമായെത്തുന്നു.പലവട്ടം നിര്ബന്ധിച്ചിട്ടാണ് സുജാത ആ ഓട്ടോ റിക്ഷയില് കയറുന്നത്.വിധി മറ്റൊന്നായിരുന്നു.ആ ഓട്ടോ റിക്ഷയില് മറ്റൊരു വാഹനം വന്നിടിക്കുകയാണ് .ഓട്ടോറിക്ഷ മറിയുന്നു.സുജാതയ്ക്ക് തലക്ക് പരിക്കേല്ക്കുന്നു.അവള് ആശുപത്രിയിലാകുന്നു.മരണത്തോട് മല്ലടിക്കുകയാണ് സുജാത. വിവരമറിഞ്ഞ് ആതിര ആശുപത്രിയിലെത്തുന്നു.അവിടെ അവള് തുളസിയുടെ മകനെ കാണുന്നു.അയാളുടെ ഇരു ചക്രവാഹനത്തിന്റെ പിറകെയായിരുന്നല്ലോ പരിക്കു പറ്റിയപ്പോള് സുജാത വീട്ടിലെത്തിയത്.അതാണല്ലോ ആതിര കണ്ട് തെറ്റിദ്ധരിച്ചത്. സ്കൂളിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയും ആതിരയുടെ തെറ്റിദ്ധാരണകള് മാറാന് സഹായിക്കുന്നുണ്ട്.ഹൃദയസ്പര്ശിയായ രംഗമാണിത്.ഈ അശുപത്രി രംഗം.അങ്ങനെ ആതിര പഠിച്ച് ഐ.ഏ.എസ്സ് നേടുന്നു.ആതിര കൃഷ്ണന് ഐ.ഏ.എസ്സ്.ഉദ്യോഗാര്ത്ഥികളുടെ ചോദ്യത്തിന് പക്ഷേ ആതിര പറയുന്ന മറുപടി വേണ്ടിയിരുന്നില്ല.എന്തുകൊണ്ടാണ് ഐ.ഏ.എസ്സ് നേടിയത് എന്ന ചോദ്യത്തിന് ആതിര പറയുന്ന മറുപടി വേലക്കാരിയാകേണ്ടാത്തതുകൊണ്ട് എന്നാണ്.അത് കല്ലുകടിയായി.

     സംവിധായകന് കുറച്ചുകൂടി ശ്രദ്ധ വച്ചിരുന്നെങ്കില് ഈ സിനിമയെ ഒരുജ്ജ്വല കൃതിയാക്കി മാറ്റാന് സാധിക്കുമായിരുന്നു.വേഷത്തില് മാത്രമല്ല ഭാവത്തിലും മഞ്ജുവാര്യരെ സുജാതയാക്കാന് കഴിയുമായിരുന്നു.ഇപ്പോള് കൊള്ളാം കുഴപ്പമില്ല എന്നൊക്കെയേ പറയാന് പറ്റൂ.എന്നാല് അനശ്വര രാജന് നന്നായിരിക്കുന്നു എന്ന് പറയാന് ഇതെഴുതുന്ന ആള്ക്ക് മടിയൊട്ടുമില്ല.