രാമലീല—- ഈ സിനിമയെ നേരെയുള്ള ഒരു സിനിമയായി അവതിരിപ്പിക്കാമായിരുന്നു.എന്തിനാണീ വളച്ചുകെട്ട്. അതുകൊണ്ടാണ് ഈ സിനിമ ഒരു രാഷ്ട്രീയ സിനിമയാണ് എന്ന് പ്രേക്ഷകര്‍ക്ക് തോന്നാത്തത്.

Anilkumar Nalothukudy
രാമലീല—- ഈ സിനിമയെ നേരെയുള്ള ഒരു സിനിമയായി അവതിരിപ്പിക്കാമായിരുന്നു.എന്തിനാണീ വളച്ചുകെട്ട്. അതുകൊണ്ടാണ് ഈ സിനിമ ഒരു രാഷ്ട്രീയ സിനിമയാണ് എന്ന് പ്രേക്ഷകര്‍ക്ക് തോന്നാത്തത്.

മുളകുപാടം ഫിലിംസിന്‍റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച് അരുണ്‍ ഗോപി സംവിധാനം ചെയ്ത സിനിമയാണ് രാമലീല. സച്ചിയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷാജി കുമാറാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് രാമനുണ്ണിയായി ദിലീപും തോമസ്സ് ചാക്കോ എന്ന ടിസിയായി കലാഭവന്‍ ഷാജോണും അഭിനയിക്കുന്നു. രഞ്ജി പണിക്കര്‍ ടി.ജി.മാധവനാകുന്നു.ഹെലനയായി പ്രയാഗ മാര്‍ട്ടിനെത്തുന്നു.ഉദയഭാനുവാകുന്നത് സിദ്ധിഖാണ്.അന്പാടി മോഹനനാകുന്നത് വിജയരാഘവനാണ്.

സഖാവ് അന്പാടി മോഹനനോട് അടിയുണ്ടാക്കിയതിനാല്‍ അഡ്വക്കേറ്റ് രാമനുണ്ണിയെ സിഡിപിയില്‍ നിന്നും പുറത്താക്കുകയാണ് പാര്‍ട്ടി.രാമനുണ്ണിക്ക് എം.എല്‍.എ സ്ഥാനവും രാജി വയ്കേണ്ടി വരുന്നു.അങ്ങനെയാണ് രാമനുണ്ണി എന്‍.എസ്.പിയില്‍ എത്തുന്നത്.എന്‍എസ്പിക്കാര്‍ ക്ഷണിച്ചതിലാണത്രേ രാമനുണ്ണി എന്‍.എസ്.പിയില്‍ എത്തിയത്. എന്നാല്‍ അത് ഉദയഭാനുവിന് ഇഷ്ടപ്പെടുന്നില്ല. കാരണം രാമനുണ്ണി സി ഡി പി യിൽ ഉണ്ടായിരുന്നപ്പോൾ ആയിരുന്നു ഉദയഭാനുവിനെ ഇലക്ഷനില്‍ മത്സരിച്ച് തോല്‍പ്പിച്ചത്.

എൻ എസ് പി യിൽ രാമനുണ്ണിയുടെ സന്തത സഹചാരി ടി.സി എന്ന് വിളിപ്പേരുള്ള തോമസ്സ് ചാക്കോയാണ്. ഇപ്പോൾ രാമനുണ്ണിയെ എൻ.എസ്.പിയുടെ എം.എൽ.എ സ്ഥാനാർത്ഥിയാക്കുന്നതിനും നീക്കമുണ്ട്. ഇതാണ് ഉദയഭാനുവിന ചൊടിപ്പിക്കുന്നത്. രാമനുണ്ണിയുടെ സ്ഥാനാർത്ഥിത്വം ഉദയഭാനുവിന്റെ എതിർപ്പുകൾ മറികടന്നു് പ്രഖ്യാപിക്കപ്പെടുന്നു. സി ഡി പിയുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. അതാരാണെന്നുള്ള ആകാംക്ഷ അന്തരീക്ഷത്തിൽ നില നിൽക്കുന്നുണ്ട്. അമ്പാടി മോഹനനാകും ആ സ്ഥാനാർത്ഥി എന്നാണ് ഇരു പക്ഷവും കരുതുന്നത്. സി ഡി പി യുടെ ജില്ലാ സെക്രട്ടറിയായ അമ്പാടി മോഹനൻ ജാഥയ്ക്ക് ആഹ്വാനം നൽകുയാണ്. ജാഥ അക്രമാസക്തമാകുമെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടുകളെ തുടർന്ന് സർക്കാർ രാമനുണ്ണിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തുകയാണ്.അമ്പാടി മോഹനൻ നയിക്കുന്ന ആ ജാഥരാമനുണ്ണിയുടെ വീട്ടിലേക്കാണെത്തുന്നത്.ആ സമയം രാമനുണ്ണി വീട്ടിലുണ്ടായിരുന്നു. രാമനുണ്ണി തോക്കെടുത്തെങ്കിലും അമ്മ രാഗിണി രാഘവൻ അയാളെയും തോമസ്സ് ചാക്കോ യേയും ഒരു മുറിയിൽ തന്ത്രപരമായി ഇട്ട് പൂട്ടുകയാണ്. പിന്നീട് അയാളുടെ വീട്ടുമുറ്റത്ത്‌ അരങ്ങേറുന്ന സംഭവങ്ങൾ രാമനുണ്ണിക്ക് ജനാലയിലൂടെ നോക്കി നിൽക്കാനേ കഴിയുന്നുള്ളൂ. ആ വിട്ടു മുറ്റത്തു വച്ച് അമ്പാടി മോഹനൻ ആ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയാണ്. രാഗിണി രാഘവനായിരുന്നു ആ സ്ഥാനാർത്ഥി. ഒരു ഞെട്ടലോടെയാണ് രാമനുണ്ണി ആ പ്രഖ്യാപനം ശ്രവിച്ചത്.കാരണം രാഗിണി രാഘവൻ അയാളുടെ അമ്മയായിരുന്നു.

അങ്ങനെ രാമനുണ്ണി തന്റെ അമ്മയുമായുള്ള അങ്കത്തിനിറങ്ങുകയാണ്. ഉദയഭാനു വിഭാഗത്തിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമാണ് രാമനുണ്ണിക്ക് ജയിച്ചു വരാൻ സാധിക്കുകയുള്ളു.അങ്ങനെയിരിക്കെയാണ് അന്നാട്ടിൽ ഒരു ഫുട്ബാൾ മാച്ചിന്റെ ഫൈനൽ അരങ്ങേറുന്നത്.തോമസ്സ് ചാക്കോയുടെ കൂടി നിർബന്ധത്തിനു് വഴങ്ങിയാണ് തുടക്കത്തിൽ കമന്ററി പറയാമെന്ന് രാമനുണ്ണി ഏൽക്കുന്നത്.രണ്ട് വോട്ട് കൂടുതൽ കിടിയാലോ. ഇതേ ലക്ഷ്യത്തോട് കൂടിയാണ് അമ്പാടി മോഹനൻ തന്റെ സ്ഥാനാർത്ഥിയായ രാഗിണി രാഘവനെയും കൊണ്ട് അവിടെ എത്തുന്നത്.എന്നാൽ അവിടെ വച്ച് അമ്പാടി മോഹനൻ വെടിയേറ്റു മരിക്കുന്നു. രാമനുണ്ണിയും തോമസ്സ് ചാക്കോയും അവർക്ക് പ്രൊട്ടക്ഷൻ നൽകാനെത്തിയ പോലീസുകാർക്കൊപ്പം അവിടെ നിന്നും പോകുന്നു.

പോലീസ് സംശയിക്കുന്നത് രാമനുണ്ണിയെ ആയിരുന്നു. അതിന് കാരണമുണ്ട്.ഒരിക്കൽ രാമനുണ്ണി ടി.ബിയിൽ വെള്ളമടിച്ച് പൂസായെന്ന മട്ടിൽ അഭിനയിച്ചെത്തുന്നുണ്ടല്ലോ. അവിടെ വച്ച് സാദിഖ് അവതരിപ്പിക്കുന്ന സഖാവിനോട് അടിയുണ്ടാക്കുന്നുണ്ട്. അയാൾക്കു് നേരെ തോക്ക് ചൂണ്ടുന്നുണ്ട്. ആ തോക്ക് അതു പോലെ അമ്പാടി മോഹനന് നേരെയും ഒരിക്കൽ ചൂണ്ടുമെന്നും അന്നത് പൊട്ടുമെന്നും രാമനുണ്ണി പറയുന്നുണ്ട്. മാത്രമല്ല ഒരിക്കൽ സ്റ്റുഡിയോയിൽ വച്ച് അവർ തമ്മിൽ അടിയുണ്ടാകുന്നുമുണ്ട്.ഒരു തിര മാത്രം നഷ്ടമായ റിവോൾവർ രാമനുണ്ണിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുക്കുന്നുമുണ്ട്. രാമനുണ്ണിയും ടി സി യും അങ്ങനെ ആ ഹോട്ടൽ മുറിയിൽ തടങ്കലിലാകന്നുണ്ടെങ്കിലും അവർ രക്ഷപെട്ട് ടി.ജി.മാധവന്റെ വീട്ടിലെത്തുന്നു.മാധവനും കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ആളാണല്ലോ. അവിടെ വച്ച് തന്റെ നിരപരാധിത്വത്തെ പറ്റി രാമനുണ്ണി വാചാലനാകുന്നുണ്ട്. പ്രേക്ഷകർക്ക് അക്കാര്യം വിശ്വസിക്കേണ്ടി വരുന്നു എന്നതാണ് കഷ്ടം. പിന്നീട് അത് നേരെ തിരിച്ചാണ് എന്ന തിരിച്ചറിവ് പ്രേക്ഷകരെ ഇളിഭ്യരാക്കുന്നു.

ടി.ജി.മാധവന്റെ മകളാണ് പ്രാഗമാർട്ടിൻ അവതരിപ്പിക്കുന്ന ഹെലന.. റിസേർച്ചും മറ്റു മാ ണ് ഹെലനയുടെ പരിപാടി .ഹെലന യാണ് രാമനുണ്ണിയെ ഗോവയിലേക്ക് രക്ഷപ്പെടാൻ സഹായിക്കുന്നത്.തോമസ്സ് ചാക്കോയുമുണ്ട് കൂടെ. ഇവിടം മുതലാണ് തോമസ്സ് ചാക്കോ ആയി കലാഭവൻ ഷാജോൺ നിറഞ്ഞാടുന്നത്. ഹെലനയും സംഘവും രാമനുണ്ണിയും തോമസ്സ് ചാക്കോയും താമസിക്കുന്ന മുറിയിലും പരിസരങ്ങളിലും ഒളിക്യാമറകൾ വച്ചിരുന്നു. ഇതൊന്നുമറിയാതെ ആയിരുന്നു രാമനുണ്ണി ടി സിയെ അടിച്ചു പഴുപ്പിച്ച് സത്യം തെളിയിക്കാൻ ശ്രമിക്കുന്നത്. തമാശയൊക്കെയുണ്ടെന്ന് സമ്മതിച്ചാലും അവസാനം ഇതെല്ലാം രാമനുണ്ണിയുടെ അറിവോടെ ഹെലന ചെയ്ത താണെന്നറിയുമ്പോൾ പ്രേക്ഷകർ ഇളിഭ്യരാകുന്നു. തന്റെ അച്ഛൻ രാഘവന്റെ മരണത്തിൽ അമ്പാടി മോഹനോടൊപ്പം ഉദയഭാനുവും പങ്കെടുത്തിരുന്നു. അതു കൊണ്ടാണ് രാമനുണ്ണി അമ്പാടി മോഹനനെ കൊന്നത്. ഉദയഭാനുവാണ് കൊലയാളി എന്ന് വരുത്തിത്തീര്‍ക്കുന്നത്. വിശ്വാസ്യത ലവലേശമില്ലാത്ത ഇത്തരം വരുത്തിത്തീര്‍ക്കലുകള്‍ പ്രേക്ഷകരെ വിഡ്ഢികളാക്കാനേ ഉപകരിക്കൂ.

ഹെലനയുടെ ഇന്‍റര്‍നെറ്റ് ചാനലിലൂടെ പുറത്തുവന്ന കാര്യങ്ങള്‍ കണ്ടാണ് പോലീസ് ഉദയഭാനുവിനേയും സുധിയേയും അറസ്റ്റ് ചെയ്യുന്നത്. തന്‍റെ അച്ഛന്‍റെ കൊലപാതകത്തില്‍ ഉദയഭാനുവിനും പങ്കുണ്ടായിരുന്നു എന്ന കാര്യം അന്പാടി മോഹനന്‍ അന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ സ്റ്റുഡിയോയില്‍ വച്ച് രാമനുണ്ണിയോട് പറഞ്ഞിരുന്നുവല്ലോ.അവിടെ വച്ച് രാമനുണ്ണിയാണ് ആദ്യം മോഹനനെ ചവുട്ടിയത്.പിന്നീട് മോഹനന്‍റെ ചവിട്ടുകൊണ്ടാണ് രാമനുണ്ണി ചില്ലു ജാലകത്തിലൂടെ പുറത്തേക്ക് തെറിച്ചുവീഴുന്നത്.ഇക്കാര്യവും ഈ ഇന്‍റര്‍ നെറ്റ് ചാനലിലൂടെ പുറത്തുവരുന്നുണ്ട്.പോലീസ് ഈ ചാനലിനെ ഗവണ്‍മെന്‍റില്‍ സമ്മര്‍ദ്ദം ചെലുത്തി നിരോധിക്കുകയാണ്.

എന്നിട്ടും കഥയുടെ അവസാന ഭാഗങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് എത്തിച്ചുകൊടുത്താണ് രാമനുണ്ണി ഉദയഭാനുവിനെ കുറ്റവാളിയാക്കുന്നത്.ഇതിനിടയില്‍ രാമനുണ്ണിയ്ക് എന്‍.എസ്.പി പിന്തുണ പിന്‍വലിക്കുകയും സലിംകുമാറിന്‍റെ സുമേഷ് വേഞ്ഞറക്ക് (ഈ പേരുപോലും കൃത്രിമമാണ്) പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ട്.സലിംകുമാര്‍ വരുന്ന ഈ സീനുകള്‍ അത്യന്തം ദുര്‍ബ്ബലമാണെന്ന് പറയാതെ വയ്യ.സംവിധായകനും തിരക്കഥാകൃത്തുമെല്ലാം സിനിമയുടെ ബാലപാഠങ്ങള്‍ മറന്നതുപോലെ തോന്നി. രാമനുണ്ണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരത്തില്‍ ജയിക്കുന്നു.പിന്നീടാണ് നാം കാണുന്നത് അന്പാടി മോഹനന്‍ എങ്ങനെയാണ് കൊല്ലപ്പെടുന്നതെന്ന്.

ഈ സിനിമയെ നേരെയുള്ള ഒരു സിനിമയായി അവതിരിപ്പിക്കാമായിരുന്നു.എന്തിനാണീ വളച്ചുകെട്ട്. അതുകൊണ്ടാണ് ഈ സിനിമ ഒരു രാഷ്ട്രീയ സിനിമയാണ് എന്ന് പ്രേക്ഷകര്‍ക്ക് തോന്നാത്തത്.അന്പാടി മോഹനന്‍മാര്‍ ഇനി രക്തസാക്ഷികളെ സൃഷ്ടിക്കാന്‍ പാടില്ല.അവരെപോലുള്ളവരെ ഉന്മൂലനം ചെയ്യണം. അതൊക്കെ ശരി .ഇത് പക്ഷെ പ്രബന്ധ രചനയല്ലല്ലോ. സര്‍ഗാത്മക സൃഷ്ടിയാകണം.കലാസൃഷ്ടിയാകണം.അങ്ങനെ വരുന്പോള്‍ അതിങ്ങനെ ആകാന്‍ പാടില്ല.പ്രേക്ഷകരെ ഇളിഭ്യരാക്കാന്‍ പാടില്ല.വിഡ്ഢികളാക്കാന്‍ പാടില്ല. അവിടെയാണീ സിനിമയുടെ സൃഷ്ടാക്കള്‍ക്ക് പിഴച്ചത്.സര്‍ഗ്ഗാത്മകതയില്ലാത്തത് ഒരു കുറ്റമല്ലല്ലോ.പ്രേക്ഷകരുടെ തലവിധി എന്നല്ലാതെ എന്തുപറയാന്‍.