ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്‌യു‌വിയുടെ വില പ്രഖ്യാപനം 27ന്

ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് എസ്‌യു‌വിയുടെ വില പ്രഖ്യാപനം 27ന്

എം ജി മോട്ടോർ ഇന്ത്യയുടെ ആദ്യ മോഡലായ ഹെക്ടർ എസ് യു വിയുടെ വില പ്രഖ്യാപനം 27ന്. അരങ്ങേറ്റത്തിനു മുന്നോടിയായി മേയിൽ ആരംഭിച്ച പ്രചാരണ പ്രവർത്തനങ്ങളാണ് അടുത്ത വ്യാഴാഴ്ച ഹെക്ടറിന്റെ ഔദ്യോഗിക വില പ്രഖ്യാപനത്തോടെ പൂർത്തിയാവുന്നത്. 15 ലക്ഷം രൂപയ്ക്കും 20 ലക്ഷം രൂപയ്ക്കുമിടയിലാവും ഹെക്ടറിനു വിലയെന്നാണു പ്രതീക്ഷ.വില പ്രഖ്യാപിക്കുംമുമ്പ്, ജൂൺ നാലു മുതൽ തന്നെ എം ജി മോട്ടോർ ഇന്ത്യ ‘ഹെക്ടറി’നുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഡീലർഷിപ്പുകളാവട്ടെ കഴിഞ്ഞ ആഴ്ച മുതൽ ഹെക്ടർ ടെസ്റ്റ് ഡ്രൈവിനും അവസരമൊരുക്കുന്നുണ്ട്.

രണ്ട് എൻജിൻ സാധ്യതകളോടെയാണ് ‘ഹെക്ടറി’ന്റെ വരവ്.143 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.5 ലീറ്റർ ടർബോ പെട്രോൾ, 170 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന റണ്ടു ലീറ്റർ ഡീസൽ. കൂടാതെ ടർബോ പെട്രോളിനൊപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് പതിപ്പും എം ജി മോട്ടോർ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്. താഴ്ന്ന വേഗത്തിൽ 20 എൻ എം അധിക ടോർക്കിനു പുറമെ 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനെ അപേക്ഷിച്ച് 12% അധിക ഇന്ധനക്ഷമതയും ഈ കൂട്ടുകെട്ടിന് എം ജി മോട്ടോർ വാഗ്ദാനം ചെയ്യുന്നുണ്ട്. പെട്രോൾ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യത. അതേസമയം, ഡീസൽ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രമാണ്.

ഈ വിഭാഗത്തിൽ ഇതാദ്യമെന്നു കരുതുന്ന ഒട്ടേറെ സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് ‘ഹെക്ടറി’ന്റെ വരവ്; ധാരാളം കണക്ടിവിറ്റി സാങ്കേതികവിദ്യയുടെ പിൻബലമുള്ള 10.4 ഇഞ്ച് പോർട്രെയ്റ്റ് ഓറിയന്റഡ് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പനോരമിക് സൺറൂഫ് എന്നിവയൊക്കെ കാറിലുണ്ട്. ‘ഹെക്ടറി’ന്റെ എല്ലാ വകഭേദത്തിലും ഇരട്ട എയർബാഗുണ്ട്; മുന്തിയ പതിപ്പുകളിൽ ആറ് എയർബാഗും. ഇന്ത്യൻ വിപണിയിൽ ടാറ്റ ‘ഹാരിയർ’, മഹീന്ദ്ര ‘എക്സ് യു വി 500’, ഹ്യുണ്ടേയ് ‘ക്രേറ്റ’, ജീപ് ‘കോംപസ്’ എന്നിവയ്ക്കൊപ്പം വൈകാതെ അരങ്ങേറ്റം കുറിക്കുന്ന കിയ ‘സെൽറ്റോസും’ എം ജി മോട്ടോറിന്റെ ‘ഹെക്ടറി’ന്റെ എതിരാളികളാണ്.