ടൂ വീലർ കയറ്റുമതിയിൽ ഇന്ത്യൻ കമ്പനികൾക്ക് വൻ നേട്ടം

ടൂ വീലർ കയറ്റുമതിയിൽ ഇന്ത്യൻ കമ്പനികൾക്ക് വൻ നേട്ടം

ഇന്ത്യയിൽ നിന്നുള്ള ടൂ വീലർ കയറ്റുമതിയിൽ വൻ മുന്നേറ്റം. കഴിഞ്ഞ ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെയുള്ള പത്തുമാസ കാലയളവിൽ മൊത്തം ടൂ വീലർ കയറ്റുമതി 19 .49 ശതമാനം ഉയർന്നു. ആട്ടോ വ്യവസായ രംഗത്തെ കമ്പനികളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്റ്ററേഴ്‌സിന്റെ [സിയാം ] കണക്കുകൾ പ്രകാരം 27 .60 ലക്ഷം ഇരു ചക്ര വാഹനങ്ങൾ ഇക്കാലയളവിൽ കയറ്റി അയച്ചു. മുൻ വർഷം ഇതേ കാലയളവിലെ കയറ്റുമതി 23 .09 ലക്ഷം യൂണിറ്റുകളായിരുന്നു.

മൊത്തം കയറ്റുമതിയിൽ 24 . 12 ലക്ഷവും മോട്ടോർ ബൈക്കുകളായിരുന്നു. 18 .61 ശതമാനം വളർച്ചയാണ് ഈ രംഗത്ത് ഉണ്ടായത്. 332,197 സ്‌കൂട്ടറുകളും 14,938 മോപ്പഡുകളും ഈ പത്തു മാസത്തിനിടയിൽ കയറ്റി അയച്ചു. കയറ്റുമതി പ്രധാനമായും നടന്നത് ആഫ്രിക്കയിലേക്കും ലാറ്റിൻ അമേരിക്കൻ ജ്യങ്ങളിലേക്കുമായിരുന്നു.

കയറ്റുമതിയിൽ മികച്ച നേട്ടം കൊയ്തത് ബജാജ് ആയിരുന്നു. 14 .50 ലക്ഷം ബജാജ് വാഹനങ്ങൾ കയറ്റി അയച്ചു. 24 .87 ശതമാനം വളർച്ചയാണ് കമ്പനി നേടിയത്. അഞ്ചു ലക്ഷത്തിലധികം വാഹനങ്ങൾ കയറ്റി അയച്ച ടി വി എസ് ആണ് രണ്ടാം സ്ഥാനത്ത്.

ഹോണ്ട 325,759 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. യമഹ 2 .09 ലക്ഷം ടൂ വീലറുകളും ഹീറോ 1 .63 ലക്ഷം യൂണിറ്റുകളും കയറ്റി അയച്ചതായി സിയാം കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യൻ മാർക്കറ്റിൽ കമ്പനികളുടെ വില്പന നല്ല തോതിൽ കൂടിയിട്ടില്ല. ഏപ്രിൽ – ജനുവരി കാലയളവിൽ 1 .81 കോടി ഇരുചക്ര വാഹനങ്ങളാണ് വില്പന നടത്തിയത്. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8 .07 ശതമാനം വർധനയാണ് ആഭ്യന്തര വില്പനയിൽ കമ്പനികൾ നേടിയത്. കയറ്റുമതിയിലെ മുന്നേറ്റമാണ് ടൂ വീലർ കമ്പനികൾക്ക് നേട്ടമായത്.