ക്രാഷ്ഗാര്‍ഡുകളും ബുള്‍ബാറുകളും ഘടിപ്പിക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര അറിയിപ്പ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു

 ക്രാഷ്ഗാര്‍ഡുകളും ബുള്‍ബാറുകളും ഘടിപ്പിക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര അറിയിപ്പ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു

വാഹനങ്ങളില്‍ ക്രാഷ്ഗാര്‍ഡുകളും ബുള്‍ബാറുകളും ഘടിപ്പിക്കുന്നത് നിരോധിച്ചുള്ള കേന്ദ്ര അറിയിപ്പ് ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. വാഹനത്തില്‍ നിന്നും പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ അപകടത്തിന് കാരണമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാനങ്ങള്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്.

ഏപ്രില്‍ 18 വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴ ഈടാക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോട് ജസ്റ്റിസുമാരായ ഗീതാ മിത്തല്‍, സി ഹരി ശങ്കര്‍ അധ്യക്ഷരായ ബെഞ്ച് ആവശ്യപ്പെട്ടു.

ഏപ്രില്‍ 18 നാണ് ഹര്‍ജിയില്‍ അടുത്ത വാദം. എന്തു അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ ക്രാഷ് ഗാര്‍ഡുകള്‍ നിരോധിക്കാന്‍ മന്ത്രാലയം അറിയിപ്പു നല്‍കിയതെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു.
 

ഏപ്രില്‍ 18 ന് അടുത്ത വാദം കേള്‍ക്കുന്നതു വരെ ക്രാഷ് ഗാര്‍ഡുകള്‍ ഘടിപ്പിച്ചതിന് പിഴ ഈടാക്കരുതെന്നും കോടതി വ്യക്തമാക്കി. മോട്ടോര്‍ വാഹന നിയമം കൃത്യമായി വിലയിരുത്താതെയാണ് മന്ത്രാലയം അറിയിപ്പു പുറപ്പെടുവിച്ചതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മോട്ടോര്‍ വാഹന നിയമം 1988 സെക്ഷന്‍ 52 പ്രകാരം ബുള്‍ബാറുകളും ക്രാഷ് ഗാര്‍ഡുകളും ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനുമായിരുന്നു കേന്ദ്ര നിര്‍ദ്ദേശം.