മെക്സിക്കന്‍ മതില്‍: അടിയന്തരാവസ്ഥ ഉടന്‍ പ്രഖ്യാപിക്കില്ലെന്ന്‍ ട്രംപ്

മെക്സിക്കന്‍ മതില്‍: അടിയന്തരാവസ്ഥ ഉടന്‍ പ്രഖ്യാപിക്കില്ലെന്ന്‍ ട്രംപ്

വാഷിംഗ്‌ടണ്‍: മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് പണം അനുവദിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉടന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള അമേരിക്കന്‍ കോണ്‍ഗ്രസ് മെക്സിക്കന്‍ മതിലിന് പണം അനുവദിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ 22-നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രാജ്യത്തെ ട്രഷറികള്‍ ഭാഗികമായി അടച്ചത്. എട്ട് ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് ഈ ട്രഷറി സ്തംഭനം ബാധിച്ചത്. 

ഇത് അവസാനിപ്പിക്കാന്‍ വിവിധ ഇടപെടലുകള്‍ വിവിധ കക്ഷികള്‍ നടത്തുന്നുണ്ടെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. 5.7 ബില്യണ്‍ ഡോളര്‍ മതിലിനായി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്. ഇല്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന ഭീഷണിയുമായി കഴിഞ്ഞ ദിവസം വരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ അതില്‍ നിന്ന് ഭിന്നമായ നിലപാടാണ് ട്രംപ് ഇപ്പോള്‍ സ്വീകരിക്കുന്നത്. മതിലിനെ ചൊല്ലി ഇപ്പോള്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്ന് ട്രംപ് പറഞ്ഞു.