അഴിമതി ; ചൈനയിലെ എലവേറ്റഡ് ബസ്സുകള്‍ക്ക് അകാല ചരമം

 അഴിമതി ; ചൈനയിലെ എലവേറ്റഡ് ബസ്സുകള്‍ക്ക് അകാല ചരമം

രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ ചൈനയില്‍ അവതരിപ്പിച്ച എലവേറ്റഡ് ബസ്സുകള്‍ പ്രതിസന്ധിയിലായി. അഴിമതിയും, സുരക്ഷ പ്രശനങ്ങളുമാണ് ബസ് സര്‍വ്വീസിനെ പ്രതിസന്ധിയിലാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ട്രാക്കിലൂടെ വളരെ ഉയരത്തില്‍ ഓടുന്ന തരത്തിലായിരുന്നു ബസിന്റെ രൂപകല്‍പ്പന. ഉയരമുള്ള ബസിന് അടിയിലൂടെ കാറുകള്‍ അടക്കമുള്ള ചെറിയ വാഹനങ്ങള്ക്ക്  രണ്ടുവരിയായി തടസമില്ലാതെ നീങ്ങാം എന്നതായിരുന്നു 1200ഓളം പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാവുന്ന ബസ്സിന്റെ ആകര്‍ഷണം. 

എന്നാല്‍ ബസ്സിനടയില്‍ കാറുകളും, കാല്‍നടയാത്രക്കാരും കുടുങ്ങാനുള്ള സാധ്യത ഏറെയാണെന്ന് ആക്ഷേപം ഉയര്‍ന്നു. ലെയ്‌നുകള്‍ മാറുമ്പോഴുണ്ടായേക്കാവുന്ന അപകടങ്ങള്‍ വേറെയും. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ബസിന്റെ പരീക്ഷണ ഓട്ടം കഴിഞ്ഞ ആഗസ്തില്‍ വിജയകരമായി നടന്നിരുന്നു.

എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ കൂടി എത്തിയതോടെ എല്ലാം തകിടം മറിഞ്ഞു. പദ്ധതി അവതരിപ്പിച്ച കമ്പനി നിക്ഷേപസമാഹരണം നടത്തിയതില്‍ വഞ്ചനയുണ്ടായെന്ന് ആക്ഷേപം ഉയര്‍ന്നു. വിവാദങ്ങള്‍ക്കിടെ ബസിനുവേണ്ടി തയ്യാറാക്കിയ ടെസ്റ്റ് ട്രാക്കും വാഹനത്തിന്റെ പ്രോട്ടോടൈപ്പും വെറുതെ കിടന്ന് തുരുമ്പിച്ചു. 

ജൂണില്‍ ബസ് സര്‍വ്വീസിനുവേണ്ടി തയ്യാറാക്കിയ യാഡ് കമ്പനിതന്നെ പൊളിച്ചുനീക്കിത്തുടങ്ങി. തൊട്ടുപിന്നാലെ അനധികൃത നിക്ഷേപ സമാഹരണം നടത്തിയെന്ന സംശയത്തില്‍ കമ്പനിയിലെ 32 ഉന്നതര്‍ അറസ്റ്റിലായി. നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടാനുള്ള തന്ത്രം മാത്രമായിരുന്നു പ്രായോഗികമല്ലാത്ത ബസ് പദ്ധതിയെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ ആരോപിക്കുന്നത്