കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെ; പരാതിയുമായി യുവാവ്

കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെ; പരാതിയുമായി യുവാവ്

വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹം ചെയ്തത് തന്റെ ഭാര്യയെയാണെന്ന പരാതിയുമായി യുവാവ് രംഗത്ത്. നാദാപുരം റോഡ് സ്വദേശിയാണ് നടപടി തേടി വടകര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുന്ന ഇയാളുടെ രണ്ടു മക്കളേയും കൂട്ടിയാണ് യുവതി മറ്റൊരു വിവാഹം ചെയ്തതെന്നു പറയുന്നു. ഇയാള്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വരുന്നതിനു തൊട്ടുമുമ്ബ് യുവതി മക്കളേയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയിരുന്നു. യുവതിയുടെ കല്യാണം കഴിഞ്ഞെന്നു പത്രവാര്‍ത്ത കണ്ടാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. നിലവില്‍ തന്റെ ഭാര്യയാണെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നുമാണ് യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജ് എന്ന മാഹി പന്തക്കല്‍ മനോജ് കുമാറിന്റെ വിവാഹം. ടി.പി. വധക്കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപരന്ത്യം തടവില്‍ കഴിയുന്ന മനോജ് പതിനൊന്ന് ദിവസത്തെ പരോളിലിറങ്ങിയാണ് വിവാഹം കഴിച്ചത്.