പ്രളയം തകർക്കാത്ത പ്രതീക്ഷ; കേരളത്തിന് അതിജീവനത്തിന്‍റെ തിരുവോണം

പ്രളയം തകർക്കാത്ത പ്രതീക്ഷ; കേരളത്തിന് അതിജീവനത്തിന്‍റെ തിരുവോണം

തിരുവനന്തപുരം: കേരളത്തിന് ഇത്തവണത്തേത് അതിജീവനത്തിന്റെ തിരുവോണം. പ്രളയവും പെരുമഴയും തീർത്ത ദുരന്തങ്ങളെ ഒരുമയോടെ മറികടന്ന കരുത്തിലാണ് കേരളം ഇത്തവണ ഓണം ആഘോഷിക്കുന്നത്. സമത്വസുന്ദരലോകമെന്ന ചിരകാലസ്വപ്നത്തെ മലയാളി ആഘോഷമാക്കും.

ദുരന്തങ്ങളുടെ കണ്ണീർ തുടച്ച് കളഞ്ഞ് മലയാളി പുഞ്ചിരിയോടെ ഓണത്തെ വരവേൽക്കുന്നു. ലോകത്തിന്റെ ഏതറ്റത്താണെങ്കിലും മലയാളിക്ക് ഗൃഹാതുരതയാണ് ഓണം. കുടുംബാംഗങ്ങളുടെ ഒത്തുചേരലിന്റെ ആഘോഷം. കോടിയുടുത്തും മുറ്റത്ത് വലിയ പൂക്കളം തീർത്തും ആഘോഷ തിമിർപ്പിലാണ് ഓരോരുത്തരും. ചിങ്ങപിറവി മുതല്‍ കാത്തിരുന്ന ആ പൊന്നോണമാണിന്ന്. മാവേലി തമ്പുരാന്‍ വീട്ടുമുറ്റങ്ങളില്‍ വിരുന്നെത്തുമെന്നാണ് ഐതിഹ്യം. അതിനായി കാത്തിരിക്കുകയായിരുന്നു ഈ പത്തുനാള്‍.

ഒരുമയുടെ സന്ദേശവുമായെത്തിയ ഈ പത്തുനാളിലും ആഘോഷമായിരുന്നു നാടെങ്ങും. വടം വലിയും ഉറിയടിയുമെല്ലാമായി ഓണാഘോഷങ്ങള്‍ തകര്‍ത്തു. തൂശനിലയില്‍ സമൃദ്ധി വിളിച്ചോതുന്ന വിഭവസമൃദ്ധമായ സദ്യയാണ് തിരുവോണത്തിന് പ്രധാനം. ഓരോ ഓണക്കാലവും ഒരുമയുടെ ഓര്‍മ്മപ്പെടുത്തലാണ്.