അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഡി കെ ശിവകുമാറിന്റെ മകളെ ഇ ഡി ചോദ്യം ചെയ്യും

അനധികൃത സ്വത്ത് സമ്പാദനക്കേസ്: ഡി കെ ശിവകുമാറിന്റെ മകളെ ഇ ഡി ചോദ്യം ചെയ്യും

ബംഗളുരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സെപ്തംബര്‍ 12 ന് മുന്‍പ് എന്‍ഫോഴ്‌സ്‌മെന്റിന് മുന്നില്‍ ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സെപ്തംബര്‍ മൂന്നിനാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ശിവകുമാര്‍. ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതിന്റെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശിവകുമാറിനു കഴിഞ്ഞിരുന്നില്ല . ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.